മെട്രോ തൂണിലെ ചരിവിന് കാരണം നിർമാണത്തിലെ പിഴവ്
text_fieldsകൊച്ചി: ഇടപ്പള്ളി പത്തടിപ്പാലത്ത് കൊച്ചി മെട്രോയുടെ 347ാം നമ്പർ തൂൺ ചരിഞ്ഞത് പൈലുകൾ ഭൂമിക്കടിയിലെ പാറയിൽ കൃത്യമായി ഉറപ്പിക്കാത്തതിനാലാണെന്ന് ഭൗമശാസ്ത്ര പഠനത്തിൽ കണ്ടെത്തൽ. മെട്രോ തൂണുകൾ നിർമിക്കുമ്പോൾ സാധാരണ ഗതിയിൽ നാലു പില്ലറുകൾ മണ്ണിലേക്ക് ഇറക്കി ഭൂമിക്കടിയിലുള്ള പാറയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ, ഇവിടെ അത്തരത്തിൽ യോജിപ്പിച്ചതായി കാണുന്നില്ല. പൈലുകളും പാറയും തമ്മിൽ ഒരു മീറ്ററോളം അകലമുള്ളതായാണ് പരിശോധനയിൽ വ്യക്തമായത്. ഭൂമിക്കടിയിലേക്ക് ഇറക്കുന്ന പൈലുകൾ ഇരട്ടി വ്യാസത്തിലാണ് പാറയിൽ ഉറപ്പിക്കാറുള്ളത്. അതിനുശേഷം അവയുടെ മുകളിൽ പൈൽ കാപ്പ് സ്ഥാപിക്കും. ഇതിന് മുകളിലാണ് പുറത്തേക്ക് കാണാനാകുന്ന തൂണിന്‍റെ ഭാഗം. അതിന് മുകളിലുള്ള പിയർ കാപ്പിലാണ് മെട്രോ ട്രെയിൻ സഞ്ചരിക്കുന്ന ട്രാക്ക് സ്ഥാപിക്കുന്നത്.
തൂണിന് ചരിവുണ്ടായ ഭാഗത്ത് ഭൂമിക്കടിയിൽ പത്ത് മീറ്റർ താഴ്ചയിലാണ് പാറ. എന്നാൽ, ചരിഞ്ഞ തൂണിലെ പൈലുകളും പാറയും തമ്മിൽ ബന്ധിക്കപ്പെട്ടിട്ടില്ല. തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു. നിലവിലെ പൈലുകൾക്ക് ചുറ്റും നാല് പുതിയ പൈലുകൾ സ്ഥാപിക്കാനാണ് തീരുമാനം. അര മീറ്റർ വീതം അകലത്തിൽ ഒരു മീറ്റർ വ്യാസത്തിലുള്ള പുതിയ പൈലുകൾ മണ്ണിലിറക്കി പാറയുമായി ബന്ധിപ്പിക്കും.
ഇതിന്‍റെ നിർമാണം പൂർത്തിയാക്കിയശേഷം നിലവിലുള്ള പൈൽകാപ്പുമായി യോജിപ്പിക്കും. തുടർന്ന് ഇതിന് മുകളിൽ അരമീറ്റർ കനത്തിൽ മറ്റൊരു സ്ലാബ് കൂടി വാർത്ത് പുതിയ പൈൽ കാപ് ഉണ്ടാക്കും. അത്തരത്തിൽ ബലക്ഷയം മറികടക്കാനാകുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. മെട്രോ തൂൺ നിർമിച്ച എൽ ആൻഡ് ടിക്ക് തന്നെയായിരിക്കും പണിയുടെ ചുമതല. തൂണിന്‍റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്തയാഴ്ച തുടങ്ങും. ഡി.എം.ആര്‍.സി, എല്‍ ആന്‍ഡ് ടി, എയ്ജിസ്, കെ.എം.ആര്‍.എല്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ ആരംഭിക്കുന്നത്. അധിക പൈലുകള്‍ സ്ഥാപിച്ചാണ് ബലപ്പെടുത്തുന്നത്.
മഴക്കാലത്തിന് മുമ്പ് പണി പൂർത്തിയാക്കുമെന്നും മെട്രോ സർവിസിന് തടസ്സമുണ്ടാകാത്ത വിധമായിരിക്കും നിർമാണമെന്നും കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു. തൂൺ നിർമാണത്തിൽ പിഴവ് സംഭവിച്ചുവെന്ന് ഡി.എം.ആർ.സി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻതന്നെ സമ്മതിച്ച സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ആശയക്കുഴപ്പത്തിന് അടിസ്ഥാനമില്ല -കെ.എം.ആർ.എൽ
കൊച്ചി: പത്തടിപ്പാലത്തെ 347ാം നമ്പർ തൂണിന്‍റെ അടിത്തറയിലെ ബലക്ഷയം സംബന്ധിച്ച് ആശയക്കുഴപ്പത്തിന് ഇപ്പോൾ അടിസ്ഥാനമില്ലെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ നടപടി കൈക്കൊണ്ടിട്ടുണ്ട്. ബലപ്പെടുത്തൽ ജോലി തിങ്കളാഴ്ച ആരംഭിക്കും. ആളുകളുടെ സംശയ ദൂരീകരണത്തിന് പത്തടിപ്പാലത്തിന് സമീപത്തെ തൂണുകളും പരിശോധിക്കുമെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
കൊച്ചി മെട്രോ പില്ലർ നിർമാണത്തിൽ വീഴ്ച സംഭവിച്ചു -ഇ. ശ്രീധരൻ
കുന്നംകുളം: കൊച്ചി മെട്രോയുടെ പില്ലര്‍ നിർമാണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മെട്രോമാൻ ഇ. ശ്രീധരന്‍റെ സ്ഥിരീകരണം. എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും ഇക്കാര്യം ഡി.എം.ആര്‍.സി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുന്നംകുളത്ത് പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ ശ്രീധരൻ മാധ്യമ പ്രവർത്തകരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.