അജിത് കുമാറിന്റെ ആഡംബര വീട് നിർമാണവും വിവാദത്തിൽ
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ കവടിയാർ കൊട്ടാരപരിസരത്തെ ആഡംബര വീട് നിർമാണവും വിവാദത്തിൽ. അജിത് കുമാര്‍ തലസ്ഥാനത്ത് കവടിയാര്‍ കെട്ടാരത്തിനടുത്ത് സ്ഥലം വാങ്ങിയെന്നും അതിൽ 10 സെന്റ് സ്വന്തം പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്റെ പേരിലുമാണ് രജിസ്റ്റർ ചെയ്തതെന്നുമാണ് അൻവറിന്റെ ആരോപണം.
കവടിയാർ പാലസ് അവന്യൂവിൽ ആദ്യത്തെ പ്ലോട്ടാണ് അജിത് കുമാറിന്റേത്. ഗോൾഫ് ലിങ്സിന്റെ മതിലിനോട് ചേർന്നാണ് ഈ ഭൂമി. തലസ്ഥാനത്തെ രാജപാതയായി അറിയപ്പെടുന്ന കവടിയാർ റോഡ് പരിസരത്തോട് ചേർന്ന് സെന്റിന് 60 -70 ലക്ഷത്തോളം രൂപ വില വരുന്ന പ്രദേശത്ത് 7000 സ്ക്വയർഫീറ്റിലാണ് വീട് നിർമിക്കുന്നത്. നാല് മാസമായി കെട്ടിടത്തിന്റെ പൈലിങ് ജോലികളാണ് നടന്നുവരുന്നത്. ഭൂമിക്കടിയിലേത് ഉൾപ്പെടെ മൂന്ന് നിലകളിലായാണ് വീട്. അജിത്കുമാറിന്റെ പേര് ഉൾപ്പെടെ രേഖപ്പെടുത്തിയുള്ള പ്ലാൻ ഉൾപ്പെടെ നിർമാണ സ്ഥലത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.
അണ്ടർഗ്രൗണ്ടിൽ കാർ പാർക്കിങ്ങും കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനുള്ള റൂമുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടെനിന്ന് മറ്റു നിലകളിലേക്ക് ലിഫ്റ്റ് സംവിധാനവും പ്ലാനിലുണ്ട്. റോഡിൽനിന്ന് നോക്കിയാൽ രണ്ടു നില വീടായി തോന്നുമെങ്കിലും അണ്ടർഗ്രൗണ്ട് കൂടി പരിഗണിച്ചാൽ മൂന്നു നിലയായിരിക്കും. അണ്ടർ ഗ്രൗണ്ട് മാത്രം 2250 സ്ക്വയർ ഫീറ്റാണ് പ്ലാനിലുള്ളത്.
തൊട്ടടുത്ത നിലയിൽ രണ്ടു കിടപ്പുമുറികൾ ഉൾപ്പെടെ സൗകര്യങ്ങളാണുള്ളത്. മാസ്റ്റർ ബെഡ്റൂമിൽനിന്ന് മാത്രം അക്സസ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ഓപൺ ടെറസും പ്ലാനിലുണ്ട്. മൂന്നാം നിലയിൽ ഫോർമൽ ലിവിങ് ഏരിയയും ഒരു കിടപ്പുമുറിയുമാണുള്ളത്. കോടികൾ വിലമതിക്കുന്ന ഭൂമി എ.ഡി.ജി.പി റാങ്കിലുള്ളയാൾ വാങ്ങുകയും ആഡംബര വീട് പണിയുകയും ചെയ്യുന്നതിനുള്ള പണത്തിന്റെ ഉറവിടവും വിവാദത്തോടൊപ്പം ചർച്ചയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.