ആലപ്പുഴ കുഴൽ കിണർ നിർമാണം: സർക്കാരിനുണ്ടായ നഷ്ടം ഹൈഡ്രോജിയോളജിസ്റ്റിൽ നിന്ന് തിരിച്ച് പിടിക്കണെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : കുഴൽ കിണർ നിർമാണത്തിൽ സർക്കാരിനുണ്ടായ നഷ്ടം ആലപ്പുഴ ഭൂജല വകുപ്പിലെ ഹൈഡ്രോജിയോളജിസ്റ്റ് എസ്. അഞ്ജലിയിൽനിന്ന തിരിച്ച് പിടിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. ആലപ്പുഴ ജില്ലാ ഭൂജല വകുപ്പ് ഓഫീസിനെതിരെ ലഭിച്ച പരാതിയിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ സ്വകാര്യ കുഴൽ കിണർ കമ്പനിയെ സഹായിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തി.
താമരക്കുളം ഗ്രാമ പഞ്ചായത്തിലെ ഷാജഹാൻറെ വസ്തുവിലാണ് കുഴൽ കിണർ നിർമാണം തുടങ്ങിയത്. അത് പൂർത്തിയാക്കാതിരുന്നതിനാൽ സർക്കാരിന് 1,40,637 രൂപയുടെ നഷ്ടം സംഭവിച്ചു. ഈ തുകയും 18ശതമാനം പലിശയും ആലപ്പുഴ ഭൂജല വകുപ്പ് ഓഫീസിലെ ഹൈഡ്രോജിയോളജിസ്റ്റ് ആയിരുന്ന എസ്. അഞ്ജലിയിൽ നിന്നും തിരിച്ചുപിടിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. സ്വകാര്യ കമ്പനിയെ സഹായിച്ച ഭൂജല വകുപ്പ് ഹൈഡ്രോജിയോളജിസ്റ്റ് എസ്. അഞ്ജലി, ജില്ലാ ഓഫീസർ പി.വി. ജെനറ്റ് എന്നിവർക്കെതിരേ ഭരണവകുപ്പ് കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ശിപാർശ ചെയ്തു.
ഷാജഹാന്റെ പറമ്പിൽ കുഴൽ കിണർ നിർമാണം ആരംഭിച്ച 66 ദിവസങ്ങൾക്ക് ശേഷം വെള്ളം ലഭിച്ചില്ല. ഈ കാരണം ചൂണ്ടിക്കാട്ടി ഭൂജല വകുപ്പ് കുഴൽ കിണർ നിർമാണം നിർത്തി. എന്നാൽ നിർമാണ പ്രവർത്തനം നടത്തിയ സ്ഥലത്തു തന്നെ നിലവിൽ ബോർവെൽ പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഭൂജല വകുപ്പ് കുഴൽ കിണർ നിർമാണം അവസാനിപ്പിച്ചിട്ടും അത് മൂടിയില്ല.
ഏകപക്ഷീയമായി കുഴൽ കിണർ നിർമാണം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയത് ആലപ്പുഴ ഭൂജല വകുപ്പ് ഹൈഡ്രോജിയോളജിസ്റ്റ് എസ്. അഞ്ജലി ആണെന്ന് അന്വേഷത്തിൽ വ്യക്തമായി. ഇവരുടെ നടപടി ഏകപക്ഷീയവും ദുരൂഹവും സ്വകാര്യ കുഴൽ കിണർ നിർമാണ കമ്പനിയായ എസ്.എം. ബോർവെൽസ് എന്ന സ്ഥാപനത്തെ സഹായിക്കുവാനാണെന്ന് പരിശോധനയിൽ ബോധ്യമായി. ഷാജഹാൻറെ പുരയിടത്തിലെ കുഴൽ കിണർ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി ഭൂജല വകുപ്പ് നിർമിച്ച ബോർ ഹോൾ ഉപയോഗപ്പെടുത്തി സ്വകാര്യ കമ്പനിക്ക് കുഴൽ കിണർ നിർമിക്കാൻ ഉദ്യോഗസ്ഥരാണ് സാഹചര്യമൊരുക്കിയത്.
കുഴൽ കിണർ നിർമാണം സംബന്ധിച്ച് പലരേഖകളും ഓഫിസിലെ ഫയിൽ സൂക്ഷിച്ചിട്ടില്ല. ഷാജഹാന്റെ വസ്തുവിൽ ജിയോഫിസിക്കൽ ലോഗിംഗ് പ്രകാരം കൃഷിക്കും കുടിവെള്ള ആവശ്യത്തിനും അനുകൂലമായ സോണുകളുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചിട്ടും കുഴൽ കിണർ നിർമാണം തുടരുവാൻ ശിപാർശ ചെയ്തില്ല. ഈ സ്ഥലത്തെ ബോർഹോൾ മൂടുവാൻ വാങ്ങിയ ക്ലേ ഉപയോഗിച്ച് ഹോൾ മൂടിയതുമില്ല. ഇതുമായി ബന്ധപ്പെട്ട ഭൂജല വകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസിലെ ഹൈഡ്രോജിയോളജിസ്റ്റ് എസ്. അഞ്ജലി, ജില്ലാ ഓഫീസർ പി.വി. ജെനറ്റ് പി.വി എന്നിവർ നൽകിയ വിശദീകരണം തൃപ്തികരമല്ല.
നിലവിൽ പരിശോധന വിധേയമാക്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം എസ്. എം ട്രേഡേഴ്സ്‌സ് എന്ന സ്വകാര്യ കുഴൽ കിണർ നിർമാണ കമ്പനി കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിട്ടുള്ള നിർമാണങ്ങൾ, ആലപ്പുഴ ജില്ലാ ഭൂജല വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ട് ഈ സ്ഥാപനം ചട്ടവിരുദ്ധമായി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ അതുമൂലം സർക്കാരിന് സംഭവിച്ചിട്ടുള്ള നഷ്ടങ്ങൾ തുടങ്ങിയ വിഷയങ്ങളിന്മേൽ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തുന്നതിന് ഭരണ വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ശിപാർശ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.