ബൈരക്കുപ്പ പാലം നിർമാണം; കേരളത്തിന്റെ നിര്‍ദേശം തേടി കര്‍ണാടക മുഖ്യമന്ത്രി
text_fieldsകൽപറ്റ: കര്‍ണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ വില്ലേജില്‍ പാലം നിര്‍മിക്കാന്‍ കേരള സര്‍ക്കാറില്‍ നിന്ന് നിര്‍ദേശം വാങ്ങാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂലമാണ് നടപടിയെന്ന് സുല്‍ത്താന്‍ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന് അറിയിച്ചു. പാലം നിര്‍മാണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സിദ്ദരാമയ്യ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കബനി നദിയുടെ ഇടത് കരയിലാണ് ബൈരക്കുപ്പ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
കേരളത്തിന്റെ ഭാഗമായ പെരിക്കല്ലൂര്‍ ഗ്രാമം വലത് കരയിലാണ്. ഈ രണ്ട് ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിന് കബനി നദിക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന് ഗ്രാമവാസികള്‍ അപേക്ഷ നല്‍കിയിരുന്നു. ബൈരക്കുപ്പയില്‍ ഏകദേശം 10,000 ജനസംഖ്യയുണ്ട്, പെരിക്കല്ലൂരില്‍ ഏകദേശം 28,000 നിവാസികളുണ്ട്. നിലവില്‍ പ്രതിദിനം 300-350 ആളുകളും 200ലധികം വിദ്യാര്‍ഥികളും ബോട്ടില്‍ നദി മുറിച്ചുകടക്കുന്നു. റോഡ് മാര്‍ഗം യാത്ര ചെയ്താല്‍ 21 കിലോമീറ്റര്‍ സഞ്ചരിക്കണം.
മഴക്കാലത്ത് കബനി കരകവിഞ്ഞൊഴുകുന്നതോടെ നദി മുറിച്ചുകടക്കുന്നത് ദുഷ്കരമായതിനാല് സ്ഥിരം പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. 160 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള പാലം, ബന്ധിപ്പിക്കല്‍ റോഡുകള്‍, സ്ഥലമെടുപ്പ് എന്നിവക്കൊപ്പം 32 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഈ പാലത്തിന്റെ നിർമാണം കേരളത്തിലെ സുല്‍ത്താന്‍ ബത്തേരി-മൈസൂര്‍ നഗരങ്ങളെ തമ്മില്‍ 50 കിലോമീറ്ററോളം കുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും കെ.സി. വേണുഗോപാല്‍ എം.പിയുടെ നിർദേശത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അനില്‍ ചിക്കമാതു എം.എല്‍.എ, ഗണേശ ഗ്രാസാദ് എം.എല്‍.എ എന്നിവര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും കൽപറ്റ എം.എല്‍.എ ടി.സിദ്ദീഖിന്റെയും കത്തുകളും നിവേദനത്തിനൊപ്പം കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.