Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടനാട് പാക്കേജിലെ...

കുട്ടനാട് പാക്കേജിലെ ബണ്ട് നിർമാണം: ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയെന്ന് റിപ്പോർട്ട്

text_fields
bookmark_border
കുട്ടനാട് പാക്കേജിലെ ബണ്ട് നിർമാണം: ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയെന്ന് റിപ്പോർട്ട്
cancel

കോഴിക്കോട്: കുട്ടനാട് പാക്കേജിലെ ബണ്ട് നിർമാണത്തിൽ ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയെന്ന് ധനകാര്യ റിപ്പോർട്ട്. ബണ്ട് നിർമാണത്തിൽ ശരിയായ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കുന്നതിലും, നിലവിലെ മാർഗനിർദേശങ്ങൾ പാലിച്ച് പ്രവർത്തിയുടെ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിലും ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

പദ്ധതി നിർവഹണ മേൽനോട്ടത്തിലും, സമയബന്ധിതമായ പദ്ധതി പൂർത്തീകരണത്തിലും ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തി. ഈ വീഴ്ചകളെപ്പറ്റി പരിശോധിച്ച് സർക്കാരിനുണ്ടായ നഷ്ടം കൃത്യമായി തിട്ടപ്പെടുത്തണം. ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ/കരാറുകാരനിൽ നിന്നും തുക തിരിച്ചുപിടിക്കുന്നതിനും അവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനുമായി വിജിലൻസ് അന്വേഷണം നടത്തുന്നതിനുള്ള സാധ്യത ഭരണ വകുപ്പ് പരിശോധിണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

2015 ഒക്ടോബർ 21ന് ഡി ബ്ലോക്കിൽപ്പെടുന്ന കുണ്ടരിക്കുഴി 20 മീറ്റർ വീതിയിൽ മടവീഴ്ചയുണ്ടായി. നിർമാണത്തിലിരുന്ന ബണ്ട് തകർന്നപ്പോൾ അത് പുനഃനിർമിക്കുവാനുള്ള ബാധ്യത കരാറുകാരനായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ നിലവിലെ 20.18 കോടി രൂപയുടെ പദ്ധതി എസ്റ്റിമേറ്റ് പുതുക്കി 22.37 കോടി രൂപയാക്കി കരാറുകാരെ സഹായിച്ചു. ബണ്ട് നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ, ഡി ബ്ലോക്കിൽപ്പെടുന്ന കുണ്ടരിക്കുഴി ഭാഗത്ത്, മുൻകാലങ്ങളിൽ ആവർത്തിച്ച് മടവീഴ്ചയുണ്ടായിട്ടുള്ളതായി പലതവണ സൂചിപ്പിച്ചിരുന്നു.

ഇക്കാര്യങ്ങൾ കണക്കിലെടുക്കാതെ നിർമാണ പ്രവർത്തികൾ തുടർന്നതിൻറെ ഫലമായി 2016 നവംമ്പർ 26ന് മുൻപ് മടവീണ അതേ സ്ഥലത്തു രണ്ടാമതും മടവീഴ്ചയുണ്ടായി. നിർമാണത്തിലിരുന്ന ബണ്ടിൽ രണ്ടാമതും മടവീഴ്ചയുണ്ടായതും സംരക്ഷണ ഉപാധികൾ ഒലിച്ചുപോയതും യാദൃച്ഛികമാണെന്ന് കരുതാനാവില്ല. രൂപകൽപ്പനയുടെ അല്ലെങ്കിൽ നിർമാണപ്രവർത്തിയുടെ അപാകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

ഈ സാഹചര്യത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രവർത്തികളുടെ ഗുണനിലവാരമില്ലായ്മ പരിശോധിച്ച് ഉചിതമായ തുടർ നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ. ചീഫ് ടെക്കനിക്കൽ എക്സാമിനറുടെ അഭിപ്രായം തേടി അതിനുസരിച്ച് മാത്രമേ കരാറുകാരന് ഇനി നൽകുവാനുള്ള തുകയെ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാവൂ എന്ന് ഭരണവകുപ്പിനോട് നിർദ്ദേശിക്കാവുന്നതാണ്

യഥാർഥത്തിൽ, പ്രവർത്തി പൂർത്തിയായതിനും, രണ്ടാമത്തെ മടവീഴ്ചക്കും ശേഷമാണ് പരിഷ്കരിച്ച എസ്റ്റിമേറ്റിന് അംഗീകാരം നൽകിയതും അനുബന്ധ കരാർ ഒപ്പിട്ടതുമെന്ന് രേഖകളുടെ പരിശോധനയിൽ വ്യക്തമായി. അംഗീകാരം ലഭിക്കുന്നതിനു മുൻപേ തന്നെ നിർമാണ പ്രവർത്തികൾ തുടരുകയും പൂർത്തിയാക്കുകയും ചെയ്തത് ചട്ടവിരുദ്ധമാണ്. 2016 സെപ്തംബർ 30 ന് പ്രവർത്തി പൂർത്തീകരിച്ചതായി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ മേലുദ്യോഗസ്ഥനായ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് റിപ്പോർട്ട് ചെയ്തിരുന്നു.

രണ്ടുമാസം തികയുന്നതിന് മുൻപേ, 2016 നവംമ്പർ 26ന് മടവീഴ്ചയുണ്ടായി. മടവീണ ശേഷം അഡീഷണൽ സൗകര്യം ഉൾപ്പെടുത്തി എസ്റ്റിമേറ്റ് പരിഷ്കരിച്ചു നൽകിയ നടപടി ക്രമ വിരുദ്ധവും അശാസ്ത്രീയവുമാണ്. ബാങ്ക് ഗ്യാരണ്ടി ഉപ്പാക്കാതെയാണ് കരാറിൽ ഒപ്പുവെച്ചത്. ഇത് ചട്ടവിരുദ്ധമായ നടപടിയാണ്. ഈ വീഴ്ചകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ചീഫ് ടെക്കനിക്കൽ എക്സാമിനറുടെ അഭിപ്രായം തേടി ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കണെന്നാണ് ശിപാർശ.

നിർമാണത്തിലെ ഗുണനിലവാരം പി.ഡബ്ല്യ.ഡി മാന്വൽ പ്രകാരം ഉറപ്പുവരുത്തുവാനുള്ള ബാധ്യത കരാറുകാരനുണ്ട്. 15 ലക്ഷം രൂപക്ക് മുകളിൽ അടങ്കൽത്തുകയുള്ള എല്ലാ പ്രവർത്തികളുടേയും ഗുണനിലവാര പരിശോധന കരാറുകാരൻ സ്വന്തം ചെലവിൽ നടത്തണം. ബില്ലിനോടൊപ്പം പരിശോധനാഫലം സമർപ്പിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ.

രണ്ട് കോടി രൂപക്ക് മുകളിലുള്ള പ്രവർത്തികളുടെ കാര്യത്തിൽ, പരിശോധനാ കേന്ദ്രം പ്രവർത്തി നടക്കുന്ന സ്ഥലത്തു തന്നെ കരാറുകാരൻ സ്വന്തം ചെലവിൽ സ്ഥാപിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, കട്ടനാട് പാക്കേജിലെ നിലവിൽ നിർമാണത്തിലിരിക്കുന്ന രണ്ട് കോടിയിൽ കൂടുതൽ അടങ്കൽത്തുകയുള്ള ഒരു പ്രവർത്തിയിലും ഈ ചട്ടം പാലിച്ചിട്ടില്ലെന്നാണ് ധനകാര്യ പരിശോധനയിലെ പ്രാഥമിക കണ്ടെത്തൽ. ഇക്കാര്യം പരിശോധിച്ച് ഉചിതമായ തുടർ നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttanadKuttanad PackageWater Resources DepartmentConstruction of Bund
News Summary - Construction of Bund in Kuttanad Package: Officials of the Water Resources Department have reportedly committed serious lapses
Next Story