കോവൂർ കമ്മ്യൂണിറ്റി ഹാൾ നിർമാണം: കാലതാമസം കാരണം 1.94 കോടി ലാപ്‌സായെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : കോവൂർ കമ്മ്യൂണിറ്റി ഹാൾ നിർമാണത്തിലെ കാലതാമസം കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ 1.94 കോടി രൂപ ലാപ്‌സായെന്ന് ഓഡിറ്റ് റിപ്പോർട്ട്. കോഴിക്കോട് നഗരസഭ കമ്മ്യൂണിറ്റി ഹാൾ നിർമാണത്തിലെ കാലതാമസത്തിന് ഊരാളുങ്കലിൽ നിന്ന് പിഴ ഈടാക്കിയതുമില്ല. അതേസമയം, സെൻറേജ് ചാർജിനത്തിൽ 9.09 ലക്ഷം രൂപ അധികമായി അനുവദിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
2021-22, 2022-23 വർഷത്തിൽ കോവൂർ കമ്മ്യൂണിറ്റി ഹാൾ നിർമാണത്തിനായ വികസന ഫണ്ടിൽ നിന്നും 3.71 കോടി നീക്കിവച്ചിട്ടുണ്ടെങ്കിലും 1.77 കോടിയാണ് ചെലവഴിച്ചത്. നിർമാണ പ്രവർത്തികളിലുള്ള കാലതാമസം മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ 1.94 കോടി ലാപ്‌സാകുകയും ഇത് മറ്റു വികസനപദ്ധതികൾക്കായി ഉപയോഗിക്കാമായിരുന്ന തുകകളിൽ കുറവു വരുത്തുകയും ചെയ്തു.
2022 ഡിസംബറിൽ കരാർ വെച്ച് 2023 മെയ് മാസത്തിൽ (ആറ് മാസത്തിനുള്ളിൽ) പൂർത്തീകരിക്കേണ്ട ഇല്‌ക്ട്രിക്കൽ വർക്കുകൾ ഇപ്പോഴും തുടരുകയാണ്. ഇവയുടെ പുരോഗതി വ്യക്തമാക്കുന്ന രേഖകൾ ഒന്നും തന്നെ എഞ്ചീനിയറിങ് വകുപ്പിൽനിന്ന് പരിശോധനക്ക് ലഭിച്ചില്ല. കമ്മ്യൂണിറ്റി ഹാളിന്റെ നിർമാണം യഥാസമയം പൂർത്തിയായിരുന്നുവെങ്കിൽ നഗരസഭക്ക് ഇതിന്റെ വാടക ഇനത്തിൽ വലിയൊരു തുക ലഭിക്കുമായിരുന്നു. അതും നഷ്ടമായി.
2017-18 വർഷത്തിൽ കോഴിക്കോട് നഗരസഭയിൽ ബഹുവർഷ പ്രോജക്‌ടായി ഏറ്റെടുത്ത പ്രവർത്തിയാണ് കമ്മ്യൂണിറ്റി ഹാൾ നിർമാണം. ഇതിനായി വികസന ഫണ്ടിൽ നിന്നും 10 കോടി രൂപ വകയിരുത്തി. 9.85 കോടി രൂപയുടെ (സിവിൽ ആൻഡ് ഇലക്ട്രിക്കൽ ജോലികൾ) സാങ്കേതിക അനുമതി 2018 ജനുവരി 13ന് ചീഫ് എൻജിനിയർ നൽകി. പ്രിക്വാളിഫിക്കേഷൻ ടെൻഡർ വഴി ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് സൊസൈറ്റിയുമായി 2018 ഫെബ്രുവരി ഒമ്പതിന് കാർ ഉറപ്പിച്ചു. 23ന് സൈറ്റും
ഏറ്റെടുത്തു.
കരാറനുസരിച്ച് 2020 ഫെബ്രുവരി 20നാണ് കമ്മ്യൂണിറ്റി ഹാൾ നിർമാണം പൂർത്തീകരിക്കേണ്ടത്. സമയപരിധിക്കുള്ളിൽ നിർമാണ പ്രവർത്തികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 2023 മാർച്ച് 31 വരെ ആറ് തവണ നഗരസഭ കാലാവധി നീട്ടി നല്‌കി. 2023 മാർച്ചിൽ സമർപ്പിച്ച ഏഴാമത് ബിൽ പ്രകാരം ആകെ 3.63 കോടിക്കുള്ള സിവിൽ വർക്കുകൾ പൂർത്തികരിച്ചതായും അതിന്റെ സെൻറേജ് ചാർജ് അഞ്ച് ശതമാനം (18.18 ലക്ഷം) ചേർത്ത് 3.81 കോടി നഗരസഭ ഊരാളുങ്കലിന് നൽകി.
നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ ഓഡിറ്റ് സംഘം പരിശോധിച്ചു. പിന്നീട് വർക്ക് സൈറ്റിൻറെ സംയുക്ത ഭൗതിക പരിശോധനയും നടത്തി. കോവൂർ കമ്മ്യൂണിറ്റി ഹാളിന്റെ നിർമാണത്തിനുള്ള കരാറിൽ ഏർപ്പെടുന്നത് 2018 ഫെബ്രുവരിയിലാണ്. സർക്കാർ ഉത്തരവ് പ്രകാരം പ്രവർത്തി മൂല്യത്തിന്റെ 2.5 ശതമാനമായയ 9.09 ലക്ഷം രൂപയാണ് നൽകേണ്ടത്. അതിന് പകരം 18.18 ലക്ഷം സെൻറേജ് ചാർജായി നൽകിയത് സർക്കാർ ഉത്തരവിന് വിരുദ്ധമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2018-19 ലെ പ്രളയവും 2020-21 ലെ കൊറോണ വ്യാപനത്തിനാലും പ്രവർത്തിയുടെ പൂർത്തീകരണ കാലാവധി പിഴ കൂടാതെ 2021 ഓഗസ്റ്റ് 30 വരെ നീട്ടി നല്‌കിയിരുന്നു. കരാർ പ്രകാരം അതിനു ശേഷം കാലാവധി നീട്ടി നല്‌കുമ്പോൾ ആദ്യത്തെ മൂന്നു മാസത്തിന് പി.എ.സിയുടെ ഒരു ശതമാനവും പിന്നീട് ഓരോ മൂന്നു മാസത്തിനും പി.എ.സിയുടെ രണ്ട് ശതമാനവും ഇടക്കാണ്. എന്നാൽ, കമ്മ്യൂണിറ്റി ഹാളിന്റെ നിർമാണം പൂർത്തിയാക്കാനായി നഗരസഭ ഊരാളുങ്കലിന് തുടർച്ചയായി 2021 സെപ്തംബർ 30 മുതൽ 2023 മാർച്ച് 31 വരെ സമയം നീട്ടി നല്കിയെങ്കിലും ആകെ ഈടാക്കേണ്ടിയിരുന്ന പിഴ തുകയായ അഞ്ച് ലക്ഷം ഈടാക്കിയിട്ടില്ല. 2023 മാർച്ചിന് ശേഷം പ്രവർത്തികൾ തുടരുന്നതിനായി അപേക്ഷ നല്‌കുകയോ സപ്ലിമെൻററി കരാർ വെക്കുകയോ ചെയ്തിട്ടില്ല.
ഓഡിറ്റ് പാർട്ടിയും നഗരസഭയുടെ എൻജിനിയറും ഓവർസിയറും ചേർന്ന് 2023 ജൂൺ 21ന് നടത്തിയ സംയുക്ത പരിശോധനയിൽ ലാൻഡ് സ്കേപ്പിങ് പ്രവർത്തികളും, ചുറ്റുമതിൽ നിർമാണവും പൂർത്തികരിച്ചിട്ടില്ലെന്നും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.