നമ്പർപ്ലേറ്റ് നിർമാണം: സംസ്ഥാന അനുമതി ആവശ്യമില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: കേന്ദ്ര സർക്കാറിന്റെയോ അംഗീകൃത ടെസ്റ്റിങ് ഏജൻസികളുടെയോ അംഗീകാരമുള്ള, അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാറിന്റെ പ്രവർത്തനാനുമതി ആവശ്യമില്ലെന്ന് ഹൈകോടതി.
എന്നാൽ, ഇത്തരം നിർമാതാക്കളുടെ ഡീലർമാർക്ക് സംസ്ഥാന സർക്കാറിന്റെ അനുമതി ആവശ്യമാണെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ ഉത്തരവിട്ടു. അതിസുരക്ഷ നമ്പർപ്ലേറ്റ് വാഹന പോർട്ടലുമായി ലിങ്ക് ചെയ്യാൻ അനുവദിക്കണമെന്ന അവരുടെ ആവശ്യം പരിഗണിച്ച് എത്രയുംവേഗം ഉത്തരവ് പുറപ്പെടുവിക്കണമെന്നും നിർദേശിച്ചു.
മലപ്പുറത്തെ ഓർബിസ് ഓട്ടോമോട്ടിവ്സ് അടക്കം നൽകിയ ഹരജിയിലാണ് ഉത്തരവ്. സംസ്ഥാന സർക്കാറിന്റെ അംഗീകാരമില്ലെന്ന കാരണത്താൽ നടപടിയെടുത്ത സാഹചര്യത്തിലായിരുന്നു ഹരജി. ഹരജിക്കാരിൽപെട്ട ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മോട്ടോർ സൈൻസ് ഇന്ത്യ എന്ന സ്ഥാപനത്തിന് 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ അതിസുരക്ഷ നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ കോടതി അനുമതി നൽകി.
ഓർബിസ് ഓട്ടോമോട്ടിവ്സ് അടക്കമുള്ളവർ അവർ സർവിസ് പാർട്ണർമാരാണെന്നത് സ്ഥാപിക്കാൻ രേഖകളുമായി ട്രാൻസ്പേർട്ട് കമീഷണർക്ക് മുന്നിൽ ഹാജരാകണം. ട്രാൻസ്പോർട് കമീഷണർ ഒരുമാസത്തിനകം തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചു. അതിസുരക്ഷ നമ്പർപ്ലേറ്റ് ഘടിപ്പിച്ചുനൽകുന്നതിന് അംഗീകൃത കച്ചവടക്കാരെ തെരഞ്ഞെടുക്കാൻ മൂന്നുമാസം സമയം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
2001ലെ മോട്ടർ വാഹന ഭേദഗതി നിയമപ്രകാരമാണ് രാജ്യത്ത് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയത്. രാജ്യത്തെ എല്ലാ വാഹനങ്ങളിലും അത് നിർബന്ധമാക്കി 2018ൽ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ഇതിന്റെ ചുവടുപിടിച്ച് 2019 മേയ് ഒമ്പതിന് സംസ്ഥാന ഗതാഗത വകുപ്പ് സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.