കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണത്തിന് തുടക്കം
text_fieldsകൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം.
വയഡക്ട് നിർമാണത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായ ടെസ്റ്റ് പൈലിങ് ബുധനാഴ്ച കാക്കനാട് കുന്നുംപുറത്ത് ആരംഭിച്ചു. 1957.05 കോടിയാണ് രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ പദ്ധതി തുക. 11.2 കി.മീ നീളത്തിലുള്ള വയഡക്ട് നിർമാണത്തിന്റെ കരാർ അഫ്കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനാണ്. 1141.32 കോടിയാണ് കരാർ തുക. 20 മാസമാണ് പണി പൂർത്തീകരിക്കാനുള്ള കാലാവധി. ഈ കാലയളവിൽ പൂർത്തീകരിക്കാനായാൽ രാജ്യത്തെ വേഗതയേറിയ മെട്രോ നിർമാണ ഏജൻസി എന്ന ബഹുമതി കൂടി കൊച്ചി മെട്രോക്ക് സ്വന്തമാകും.
മെട്രോ പോലുള്ള വലിയ നിർമിതികൾക്ക് പൈൽ ഫൗണ്ടേഷനാണ് കൂടുതൽ അഭികാമ്യം. വയഡക്ടിന്റെ ഭാരത്തെ പൈൽ ഫൗണ്ടേഷനുകൾ ഭൂമിക്കടിയിൽ കൂടുതൽ സ്ഥിരതയുള്ള മണ്ണിന്റെയും കല്ലിന്റെയും പാളികളിലേക്ക് മാറ്റും.
ഇത്തരം പൈൽ ഫൗണ്ടേഷന്റെ സമഗ്രതയും ഭാരം വഹിക്കാനുള്ള ശേഷിയും ഉറപ്പാക്കാൻ പൈൽ ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്. സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെ വയഡക്ടിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം നാല് ടെസ്റ്റ് പൈലുകൾ കൂടി നടത്താനാണ് കൊച്ചി മെട്രോയുടെ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ ആരംഭിക്കും. വയഡക്ടിന്റെ അലൈന്മെന്റിൽ വിവിധ ഇടങ്ങളിൽ മണ്ണ് പരിശോധനാ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള വയഡക്ട് അലൈൻമെന്റിൽ ടോപ്പോഗ്രാഫി സർവേ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്റ, പ്രൊജക്ട് ഡയറക്ടർ ഡോ. എം.പി. രാംനവാസ്, സിസ്റ്റം ഡയറക്ടർ സഞ്ജയ് കുമാർ, ഫിനാൻസ് ഡയറക്ടർ എസ്. അന്നപൂർണി, എക്സിക്യൂട്ടീവ് ഡയറക്ടർ വിനു സി. കോശി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.