കെട്ടിടനിര്‍മാണ പെര്‍മിറ്റ്: മന്ത്രിയുടേത് പാഴ്വാക്ക് പഴയ അപേക്ഷകളിലും വാങ്ങുന്നത് പത്തിരട്ടി വർധിപ്പിച്ച ഫീസ്
text_fieldsതിരുവനന്തപുരം: കെട്ടിടനിര്‍മാണ പെര്‍മിറ്റിന് നേരത്തേ അപേക്ഷിച്ചവരില്‍നിന്ന് പുതുക്കിയ ഫീസ് ഈടാക്കില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്ക്. പുതുക്കിയ ഫീസ് പ്രാബല്യത്തിലായത് ഏപ്രില്‍ 10ന് ആണെങ്കിലും മാസങ്ങൾക്കു മുമ്പ് അപേക്ഷിച്ചവരിൽനിന്നടക്കം ഈടാക്കുന്നത് പത്തിരട്ടി വർധിപ്പിച്ച പുതുക്കിയ ഫീസാണ്. മാർച്ച് 29നു നൽകിയ അപേക്ഷക്ക് മേയ് മൂന്നിന് തിരുവനന്തപുരം കോർപറേഷൻ വാങ്ങിയത് പുതുക്കിയ നിരക്കിലെ 25,011രൂപ.
പഴയനിരക്ക് പ്രകാരം 1300 രൂപ മതിയായിരുന്നു. മാർച്ച് രണ്ടിന് നൽകിയ അപേക്ഷയിൽ 3600 രൂപ മാത്രം നൽകേണ്ട സ്ഥാനത്ത് ഈടാക്കിയത് 36,343 രൂപ. ജനുവരിയിൽ അപേക്ഷ സമർപ്പിച്ച ആളോടും പുതിയ നിരക്കാണ് ആവശ്യപ്പെട്ടത്. 4,600 രൂപ അടക്കേണ്ട സ്ഥാനത്ത് 42,000 രൂപയാണ് കോർപറേഷൻ ആവശ്യപ്പെടുന്നത്.
അപേക്ഷഫീസ് പഴയ നിരക്കായ 50 രൂപതന്നെയാണ് ഈടാക്കിയത്. ഏപ്രിൽ 10ന് പ്രാബല്യത്തിൽ വന്ന വർധിപ്പിച്ച പെർമിറ്റ് ഫീസിൽ ജനം വട്ടംകറങ്ങി നിൽക്കവെയാണ് പഴയ അപേക്ഷകൾക്കും പുതുക്കിയ നിരക്ക് വാങ്ങുന്നത്. അങ്ങനെ ഉണ്ടാകില്ലെന്നും മുമ്പുള്ള അപേക്ഷകരില്‍നിന്ന് പഴയ ഫീസേ ഈടാക്കൂ എന്നുമാണ് കഴിഞ്ഞദിവസം മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയത്.
മന്ത്രിയുടെ പ്രസ്താവനക്കു മുമ്പുതന്നെ മിക്ക തദ്ദേശസ്ഥാപനങ്ങളും പഴയ അപേക്ഷകളിൽ പുതിയ നിരക്കാണ് ഈടാക്കിയത്. ലക്ഷക്കണക്കിന് രൂപയാണ് ഈ വിധം സാധാരണക്കാരിൽനിന്നടക്കം വസൂലാക്കിയത്. അധികതുക വാങ്ങിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മടക്കി നൽകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. സർക്കാറിലേക്ക് വസൂലാക്കിയ തുക എങ്ങനെ മടക്കിക്കിട്ടുമെന്ന ആശങ്കയിലാണ് അപേക്ഷകർ. അതിലേക്ക് തദ്ദേശസ്ഥപനങ്ങൾ കയറിയിറങ്ങേണ്ട അവസ്ഥയാവും ഇനി സംഭവിക്കാൻ പോകുന്നത്.
ഉയര്‍ത്തിയ ഫീസില്‍ പുനഃപരിശോധന ഉണ്ടാകില്ലെന്ന് മന്ത്രി അടിവരയിടുമ്പോൾ ഇതു കെട്ടിടനിർമാണ ചട്ടങ്ങളുടെ ലംഘനമെന്നു കാണിച്ച് ബിൽഡിങ് ഡിസൈനർമാരും ആർകിടെക്റ്റുകളും സർക്കാറിന് പരാതി നൽകിയിട്ടുണ്ട്. കെട്ടിടനിർമാണ ചട്ടത്തിൽ നിയമപരമായി ഭേദഗതി വരുത്താതെ വർധിപ്പിച്ച ഫീസ് ഈടാക്കാൻ കഴിയില്ലത്രെ.
കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമായി ജനുവരി മുതൽ മാർച്ച് വരെ 24,000 ത്തോളം കെട്ടിടനിർമാണ പെർമിറ്റ് അപേക്ഷ പരിഹാരം കാത്ത് കിടപ്പുണ്ടായിരുന്നു. അതിലെല്ലാം പുതുക്കിയ നിരക്ക് ഈടാക്കിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.