ഒരാഴ്ച പിന്നിട്ട് ക്വാറി-ക്രഷർ സമരം; സ്തംഭിച്ച് നിർമാണമേഖല
text_fieldsമലപ്പുറം: സംസ്ഥാനത്ത് ക്വാറി-ക്രഷർ സമരം ഒരാഴ്ച പിന്നിടുമ്പോൾ നിർമാണമേഖല സ്തംഭനാവസ്ഥയിൽ. മഴക്ക് മുമ്പ് നിർമാണപ്രവർത്തനങ്ങൾ സജീവമായി നടക്കുന്ന സമയത്താണ് സമരം നിർമാണമേഖലയെ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഈ മാസം ഒന്ന് മുതൽ ക്വാറി-ക്രഷർ ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ഇതിന് പിറകെ 17 മുതലാണ് സമരം ആരംഭിച്ചത്. വിഷയത്തിൽ സർക്കാർ ശക്തമായി ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അടച്ചിടുന്ന ക്വാറികൾക്കും ക്രഷറുകൾക്കുമെതിരെ നടപടി സ്വീകരിക്കുന്ന വിഷയം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവ് വ്യക്തമാക്കിയിരുന്നെങ്കിലും കാര്യമായ തുടർനടപടികളുണ്ടായിട്ടില്ല.
മൈനിങ് ചട്ടത്തിലുണ്ടായ ഭേദഗതിയാണ് വില വർധനക്ക് കാരണമായി ക്വാറി-ക്രഷർ ഉടമകൾ ഉന്നയിക്കുന്നത്.
റോയൽറ്റിയിലെയും പിഴയിലെയും വർധനയും കാരണമായി പറയുന്നു. ക്വാറികളിൽനിന്ന് പൊട്ടിക്കുന്ന പാറ ക്രഷറുകളിലേക്ക് എത്തിച്ച് ഉൽപന്നമാക്കി മാറ്റുന്നതിന് പുതിയ ഡീലർ ലൈസൻസും ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ലോറിയിലും കയറ്റുന്ന ഭാരത്തിന് അനുസരിച്ച് ബിൽ നൽകാൻ അനുവദിക്കണമെന്ന് ക്രഷർ-ക്വാറി കോഓഡിനേഷൻ ജില്ല കൺവീനർ കെ.എം. കോയാമു പറഞ്ഞു. എന്നാൽ, 2015ന് ശേഷമാണ് റോയൽറ്റി വർധിപ്പിക്കുന്നതെന്നും കുറഞ്ഞ വർധന മാത്രമാണ് മറ്റ് ഇനങ്ങളിൽ വന്നിട്ടുള്ളതെന്നുമാണ് സർക്കാർ വാദം.
എന്നാൽ, നിരക്ക് വർധനയുടെ പേരിൽ ക്വാറി-ക്രഷർ ഉൽപന്നങ്ങൾക്കെല്ലാം ഒന്നാം തീയതി മുതൽ വില കൂടിയിട്ടുണ്ട്.
വിവിധ ജില്ലകളിൽ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. നിലവിൽ കരിങ്കൽ, മെറ്റൽ, എം സാൻഡ്, പി സാൻഡ്, ബേബി മെറ്റൽ അടക്കമുള്ള ഉൽപന്നങ്ങളൊന്നും ലഭ്യമല്ല. ഇതുമായി ബന്ധപ്പെട്ട മേഖലകളെല്ലാം സ്തംഭനാവസ്ഥയിലാണ്. മെറ്റൽ ലഭിക്കാത്തതിനാൽ കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ റീകാർപറ്റിങ് പ്രവൃത്തി നിർത്തിവെക്കേണ്ടിവന്നു.
പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകളുണ്ടാകുന്നില്ലെന്ന ആരോപണം ശക്തമാണ്. സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ തോന്നിയ രീതിയിൽ വില വർധിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്.
സർക്കാർ വിപണിയിൽ വില നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്ന് കേരള ഗവ. കോണ്ട്രാക്ടേഴ്സ് ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ബാസ് കുറ്റിപ്പുളിയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.