നിർമാണ സാമഗ്രികളുടെ വിലവർധനവും കൂലി വർധനവും തൊഴിലാളികളുടെ ക്ഷാമവും; നിർമാണ മേഖല പ്രതിസന്ധിയിൽ
text_fieldsമഞ്ചേശ്വരം: അസംസ്‌കൃത വസ്തുക്കളുടെ വില വർധനയും അശാസ്ത്രീയമായ നികുതി വർധനയും നിർമാണ മേഖലയെ നിശ്ചലമാക്കി. രണ്ട് വർഷം കൊണ്ട് സംസ്ഥാനത്തെ നിർമാണ മേഖലയുടെ പ്രവർത്തനം നാലിലൊന്നായി ചുരുങ്ങി. അസംസ്‌കൃത വസ്തുക്കളിലുണ്ടായ ക്രമാതീതമായ വില വർധന ആവശ്യക്കാരെ മാത്രമല്ല, കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി.
വിൽപന പകുതിയായി കുറഞ്ഞു. ജി.എസ്.ടിയും സെസും ഉൾപ്പെടെ നികുതി ഭാരം കൂടിയപ്പോൾ ഉടമസ്ഥരും കടകൾ ഒന്നൊന്നായി അടച്ചുതുടങ്ങി.
നിർമാണ സാമഗ്രികളുടെ വിലവർധനവും കൂലി വർധനവും തൊഴിലാളികളുടെ ക്ഷാമവുമാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണം. സിമൻറ്, കമ്പി, സ്റ്റീൽ, പാറ അനുബന്ധ ഉൽപന്നങ്ങൾ, ചെങ്കല്ല്, ഹോളോ ബ്രിക്‌സ്, ഷീറ്റ്, പ്ലംബിങ്, വയറിങ് തുടങ്ങി എല്ലാ നിർമാണ- അനുബന്ധ ഉൽപന്നങ്ങൾക്കും ഉണ്ടായ വൻ വിലവർധനവാണ് നിർമാണ മേഖലയെ തളർത്തുന്നത്.
പലയിടത്തും നിർത്തിവെച്ച നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. സിമൻറ് വില ചാക്കിന് 150 രൂപയോളമാണ് വർധിച്ചത്. നേരത്തെ 320-350 രൂപയുണ്ടായിരുന്ന സിമൻറിന് നിലവിൽ 500 രൂപയോളമെത്തി വില. കമ്പി വില 40- 50 ശതമാനം വർധിച്ചു. 48 രൂപയുണ്ടായിരുന്ന കമ്പിക്ക് ഇപ്പോൾ 75-82 രൂപയാണ് മാർക്കറ്റ് വില.
കരിങ്കല്ല്, മെറ്റൽ, ചെങ്കല്ല് എന്നിവക്കും വില വർധിച്ചു. ടൈൽസ്, പി.വി.സി പൈപ്പ്, കേബിൾ, പ്ലംബിങ് സാമഗ്രികൾ എന്നിവക്ക് 25 മുതൽ 30 ശതമാനം വരെയാണ് വില വർധിച്ചത്. ഇലക്ട്രിക്കൽസ്, ഹാർഡ് വെയർ, ഷീറ്റ്, സ്റ്റീൽ എന്നിവക്ക് 40 മുതൽ 45 ശതമാനം വില വർധന ഉണ്ടായി. ഹോളോ ബ്രിക്‌സ്, മെറ്റൽ, എം.സാൻഡ്, ടൈൽസ് എന്നിവക്ക് 20 ശതമാനമാണ് വില വർധിച്ചത്. പുഴകളിൽ നിന്നും മണൽ എടുക്കുന്നതിന് പൊലീസ് നിലപാട് കടുപ്പിച്ചതോടെ മണൽ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. വിലയാണെങ്കിൽ ഇരട്ടിയും നൽകണം. ലോഡിന് 15000 മുതൽ 18000 വരെ ഉപഭോക്താവ് നൽകേണ്ടിയും വരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം നാടുകളിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികളിൽ പലരും തിരിച്ചെത്തിയിട്ടില്ല. വിദഗ്ധ തൊഴിലാളികൾ തിരിച്ചെത്താത്തത് കടുത്ത പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.
കേരളത്തിലുള്ള അവിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് സാമ്പത്തിക നഷ്ടവും വേഗക്കുറവിനും ഇടയാക്കുന്നുണ്ട്. തൊഴിലാളികളുടെ ദിവസക്കൂലി 100 മുതൽ 200 രൂപ വരെ വർധിച്ചിട്ടുണ്ട്. തൊഴിലാളികളെ ലഭിക്കുന്നതും പ്രയാസകരമാണ്.
ഗവ. കരാറുകാർ നിലനിൽപിനായുള്ള പോരാട്ടത്തിൽ
നിർമാണ മേഖലയിലെ പ്രതിസന്ധി സ്വകാര്യ മേഖലയേക്കാളും കൂടുതൽ ബാധിച്ചത് സർക്കാർ കരാറുകാരെയാണ്. നേരത്തെ കരാറെടുത്ത നിർമാണം വിലവർധനയുടെ സാഹചര്യത്തിൽ സ്വകാര്യ നിർമാണ പ്രവർത്തനങ്ങൾ നീട്ടിക്കൊണ്ടുപോവുകയോ ഏറ്റെടുത്ത വിലയിൽ മാറ്റം വരുത്തി പുനരാരംഭിക്കാനോ എൻജിനീയർമാർക്ക് സാധിക്കും. എന്നാൽ, സർക്കാർ കരാറുകാർക്ക് ഏറ്റെടുത്ത കരാർ ഉടമ്പടി മാറ്റാനോ കരാറിൽ നിന്ന് പിന്മാറാനോ വർക്ക് പൂർത്തീകരിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്.
ടെൻഡർ ഏറ്റെടുത്ത സമയത്തെ അപേക്ഷിച്ചു നിലവിൽ മിക്ക സാധന സാമഗ്രികൾക്കും 30 മുതൽ 45 ശതമാനം വരെ കൂടുതലാണ് മാർക്കറ്റിൽ സാധനത്തിന് ഈടാക്കുന്നത്. ഈ വിലക്ക് പണി തുടങ്ങിയാലോ, തുടങ്ങിയത് പൂർത്തിയാക്കിയാലോ കരാറുകാരന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്. പണി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥ തലത്തിലും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും സമ്മർദവും ഉള്ളതിനാൽ സാമ്പത്തിക നഷ്ടം സഹിച്ചു മുന്നോട്ടുപോകാൻ നിർബന്ധിതരാവുന്നത് കടക്കെണിയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ്.
ടാറിൽ പൊള്ളി കരാറുകാർ
നിർമാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിന് പുറമെ ഇന്ധന വിലവർധനവ് ഏറ്റവും കൂടുതൽ ബാധിച്ചത് സർക്കാർ കരാറുകാരെയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത ടാറിങ് വർക്കുകൾ കാലംതെറ്റി വന്ന മഴ, ലോക്ഡൗൺ എന്നിവ മൂലം ഭൂരിപക്ഷം ടാറിങ് വർക്കുകളും നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ്. ടാറിങ്ങിന് ബാരലിന് 5000 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 8000 രൂപയോളം എത്തിയിട്ടുണ്ട്. ഇതുമൂലം ഒരു ബാരലിൽ തന്നെ 3000 രൂപയാണ് നഷ്ടംവരുക.
സാധാരണ പഞ്ചായത്ത് വർക്കിന് കുറഞ്ഞത് 20 മുതൽ 30 വരെ ബാരൽ ടാറാണ് വേണ്ടിവരുന്നത്. ഇതുപ്രകാരം 60,000 മുതൽ 90,000 വരെ നഷ്ടം ഒരു വർക്കിൽ തന്നെ ഉണ്ടാകും. റോഡിന്‍റെ നീളവും എസ്റ്റിമേറ്റും അനുസരിച്ച് ബാരലിന്‍റെ എണ്ണത്തിൽ മാറ്റം ഉണ്ടാകും. ഇതുമൂലം നഷ്ടം പലമടങ്ങ് വർധിക്കാം.
ടാർ വിലയിൽ കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചു യഥാർഥ ബില്ല് നോക്കി കരാറുകാരന് നൽകണമെന്ന് ധനവകുപ്പ് 13-11-2018ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇത് പാലിക്കാൻ തദ്ദേശ സ്ഥാപനങ്ങളോ ഉദ്യോഗസ്ഥരോ തയാറായിട്ടില്ല. ഇതിന്മേൽ ആക്ഷേപം ഉയർന്നതോടെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓഡിനേഷൻ കമ്മിറ്റി നിർദേശപ്രകാരം 15-02-2020 ന് തദ്ദേശസ്വയംഭരണ സ്ഥാപന ചീഫ് എൻജിനീയർ ഇൻവോയ്‌സ് പ്രകാരമുള്ള ബില്ല് നൽകണമെന്നാവശ്യപ്പെട്ട് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇത് നൽകാൻ എൻജിനീയർമാർ തയാറായിട്ടില്ല.
വൻകിട കമ്പനികളെ സർക്കാർ നിയന്ത്രിക്കണം
കോവിഡ് മൂലം വിദേശത്ത് നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞത് ചൂണ്ടിക്കാട്ടി വൻകിട കമ്പനികൾ അനിയന്ത്രിതമായി വില വർധിപ്പിക്കുന്നത് സർക്കാർ നിയന്ത്രിക്കണം. വിലവർധന മൂലം ചെറുകിട സ്ഥാപനങ്ങളിൽ കച്ചവടം കുറഞ്ഞതിനാൽ വാടക- ശമ്പളം എന്നിവ സഹിക്കാൻ പറ്റാത്തതുമൂലം പൂട്ടേണ്ട അവസ്ഥയിലാണ്.
പല ചെറുകിട കമ്പനികളും പൂട്ടിയത് മൂലം വൻകിട കമ്പനികൾ തോന്നിയപോലെ വിലവർധിപ്പിക്കുന്നത് തടഞ്ഞില്ലെങ്കിൽ വർധന ഇനിയും കൂടും. വിലവർധന തോത് അനുസരിച്ചു സർക്കാറിന് ജി.എസ്.ടി വർധനവും ഉണ്ടാകുന്നതിനാൽ ഇവർക്കെതിരെ നടപടിക്ക് സാധ്യത കുറവാണ്.
കരാറുകാർക്ക് പ്രത്യേക പാക്കേജ് വേണം
അനിയന്ത്രിത വിലവർധന മൂലം സാമ്പത്തിക നഷ്ടത്തിലാവുന്ന സർക്കാർ കരാറുകാർക്ക് പ്രത്യേക പാക്കേജ് വേണമെന്ന് കോൺട്രാക്ടേഴ്സ് അസോസിയേഷൻ യൂത്ത് വിങ് മുൻ ജില്ല ജന.സെക്രട്ടറി ജാസിർ ചെങ്കള ആവശ്യപ്പെട്ടു. നിലവിൽ 2016ലെ മാർക്കറ്റ് വില അനുസരിച്ചാണ് സർക്കാർ കരാറുകാർക്ക് തുക നൽകുന്നത്. ഇത് 2021ലെ വിലയിലേക്ക് അടിയന്തരമായി മാറ്റണം.
നിലവിൽ എഗ്രിമെൻറ്വെച്ച വർക്കുകൾക്കും ഇപ്പോൾ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡറിലേക്ക് കടക്കുന്ന വർക്കുകൾക്കും പുതിയ വില ബാധകമാക്കണം. വിലക്കയറ്റവും തൊഴിലാളി ക്ഷാമവും മൂലം നിലവിൽ നേർപകുതി വർക്കുകൾ മാത്രമാണ് നടക്കുന്നത്. അതിനാൽ കരാർ കാലാവധി നീട്ടിത്തരാനും പിഴ നടപടി ഒഴിവാക്കാനും സർക്കാർ തയാറാവണം.
ജാസിർ ചെങ്കള (കോൺട്രാക്ടേഴ്സ് അസോസിയേഷൻ യൂത്ത് വിങ് മുൻ ജില്ല ജന. സെക്രട്ടറി)
എൻജിനീയർമാരെയും ബാധിച്ചു
ലോക്ഡൗണിൽനിന്ന് നിർമാണമേഖലക്ക് ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും ഇതരസംസ്ഥാന തൊഴിലാളികളുടെ നാട്ടിലേക്കുള്ള പലായനവും സിമൻറ്, കമ്പി തുടങ്ങി സാധനസാമഗ്രികളുടെ അനിയന്ത്രിത വിലവർധനയും നിർമാണ മേഖലയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. വീടുനിർമാണം ആരംഭിച്ച സാധരണക്കാർ കുത്തനെയുള്ള വിലവർധന താങ്ങാനാവാതെ പാതിയിൽ നിർത്തിവെക്കുന്നത് കൂലിത്തൊഴിലാളികളടക്കം എല്ലാ തൊഴിലാളികളെയും ബാധിക്കുന്നു. നിർമാണമേഖലയിലെ ഈ പ്രതിസന്ധികൾ എൻജിനീയർമാരെയും ബാധിച്ചിട്ടുണ്ട്.
സി.എം. സൈനുൽ ആരിഫ് (സിവിൽ എൻജിനീയർ) സ്മാർട്ട് പ്ലാൻ എൻജിനീയേഴ്സ് & ആർക്കിടെക്റ്റ്സ്, കുമ്പള
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.