നിർമാണത്തൊഴിലാളി ക്ഷേമപെൻഷൻ വിതരണം പ്രതിസന്ധിയിൽ
text_fieldsകോഴിക്കോട്: നിർമാണത്തൊഴിലാളികൾക്കുള്ള ക്ഷേമപെൻഷൻ മുടങ്ങിയിട്ട് ഒരു വർഷമാകുന്നു. കഴിഞ്ഞ നവംബർ വരെ മാത്രമാണ് തൊഴിലാളികൾക്ക് പെൻഷൻ ലഭിച്ചത്. ഇതോടെ പദ്ധതിയിൽ ചേർന്ന് വർഷങ്ങളോളം അംശാദായം അടച്ചവർ അർഹമായ പെൻഷൻ ലഭിക്കാതെ മരുന്നിനും മറ്റാവശ്യങ്ങൾക്കും അലയുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണം മുടങ്ങാൻ കാരണമെന്നാണ് കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് പറയുന്നത്. ബോർഡിന്റെ പ്രധാന സാമ്പത്തികസ്രോതസ്സായ സെസ് കലക്ഷൻ തദ്ദേശസ്ഥാപനങ്ങൾ വഴി ഊർജിതപ്പെടുത്താൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ഈ ഇനത്തിലെ തുക വരുന്ന മുറക്കേ പെൻഷൻ വിതരണം പുനരാരംഭിക്കാനാകൂവെന്നുമാണ് ബോർഡിന്റെ വാദം. നിർമാണമേഖലയിൽ തൊഴിലെടുക്കുന്ന 18നും 50നും ഇടയിൽ പ്രായമുള്ളവർ അംശാദായം അടച്ച് പദ്ധതിയിൽ ചേർന്നാൽ 60 വയസ്സ് കഴിഞ്ഞാൽ മാസത്തിൽ 1600 രൂപ തോതിൽ പെൻഷൻ നൽകുന്നതാണ് പദ്ധതി. പെൻഷൻ ലഭിച്ചിരുന്നവർക്ക് തുക മുടങ്ങി എന്നതിനപ്പുറം 60 പൂർത്തിയായി പുതുതായി പെൻഷന് അപേക്ഷ നൽകിയ ആയിരക്കണക്കിനാളുകളെ ബോർഡ് പരിഗണിക്കുന്നില്ലെന്നും വിമർശനമുണ്ട്.
ഒരു വർഷംമുമ്പ് അപേക്ഷ നൽകിയവരെപ്പോലും ഇതുവരെ പെൻഷൻ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് നിർമാണത്തൊഴിലാളി ട്രേഡ് യൂനിയൻ ഐക്യസമിതി ട്രഷറർ വി.വി. രാജേന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പെൻഷനൊപ്പം വിവാഹം, പ്രസവം, ചികിത്സ, മരണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട സഹായവിതരണവും നിലച്ചിരിക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവപോലെ സർക്കാർ സഹായമില്ലാതെ പ്രവർത്തിക്കാൻ കെട്ടിടനിർമാണ തൊഴിലാളി ബോർഡിനും കഴിയും.
എന്നാൽ, ബോർഡിലേക്കുള്ള പ്രധാന വരുമാനമായ 10 ലക്ഷം രൂപക്കു മുകളിൽ നിർമാണ ചെലവു വരുന്ന കെട്ടിടങ്ങളുടെ 0.5 ശതമാനം തുക സെസ് അടപ്പിക്കുന്നതിലെ വീഴ്ചയാണ് ബോർഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.
നിർമാണ തൊഴിലാളി ക്ഷേമബോർഡ് പെൻഷൻ ഒരു വർഷംവരെ മുടങ്ങിയപ്പോഴും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ബീഡി തൊഴിലാളി ക്ഷേമബോർഡ്, കൈത്തറി തൊഴിലാളി ക്ഷേമ ബോർഡ്, തയ്യൽ തൊഴിലാളി ക്ഷേമ ബോർഡ്, അസംഘടിത മേഖല തൊഴിലാളി ക്ഷേമ ബോർഡ് എന്നിവയിലെ പെൻഷൻ വിതരണം പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.