നിക്ഷേപിച്ച പണം ആവശ്യപ്പെട്ട സമയത്ത് നൽകിയില്ല; സഹകരണ ബാങ്കിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി
text_fieldsറാന്നി: നിക്ഷേപിച്ച പണം ആവശ്യപ്പെട്ട സമയത്ത് നൽകാതെ ഒഴികഴിവുകൾ പറഞ്ഞ് നൽകാതിരുന്ന സഹകരണബാങ്കിനും അധികൃതർക്കും പിഴശിക്ഷ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കമീഷൻ. വെൺകുറിഞ്ഞി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും നിക്ഷേപം നടത്തിയ സഹകാരി വെച്ചൂച്ചിറ പ്ലാവേലിനിരവ് നിർമല ഭവനിൽ മുരളീധരൻ നായർക്ക് 3,15,000 രൂപയാണ് നൽകേണ്ടത്. ബാങ്കിനെ പ്രതിയാക്കി കമീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് വിധി.
മുരളീധരന് നായര് 2020-’21 കാലയളവിൽ 1,00,000 രൂപ വീതം മൂന്ന് ഫിക്സഡ് ഡെപ്പോസിറ്റുകളായി മൂന്ന് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞ് നിക്ഷേപം മെച്ച്വറായി പണം എടുക്കാൻ ചെന്നപ്പോൾ ഇപ്പോൾ പണമില്ലെന്നും, വീണ്ടും ഈ നിക്ഷേപങ്ങൾ പുതുക്കി ഇടണമെന്നുമാണ് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടത്. തുടർവർഷങ്ങളിലും ഹർജിക്കാരൻ ഫിക്സഡ് ഡെപ്പോസിറ്റുകൾ പുതുക്കി നിക്ഷേപിച്ചുകൊണ്ടിരുന്നു. എന്നാൽ മുരളീധരന് നായര്ക്ക് അടിയന്തിരമായി ഒരു ഓപ്പറേഷന് വിധേയമാകേണ്ടിവന്നതിനാൽ ജൂണിൽ ബാങ്കിൽ പോയി സെക്രട്ടറിയോടും പ്രസിഡന്റിനോടും നിക്ഷേപത്തുകയായ മൂന്ന് ലക്ഷം രൂപയും പലിശയും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴും തരാൻ നിവൃത്തിയില്ലെന്നും ആവശ്യമെങ്കിൽ 2,000 രൂപ വെച്ച് പ്രതിമാസം തരാമെന്നുമുള്ള നിരുത്തരവാദിത്വപരമായ മറുപടിയാണ് കിട്ടിയത്.
തന്റെ ആവശ്യങ്ങൾക്ക് പണം എടുക്കാൻ കഴിയുമെന്നുള്ള ഉത്തമ വിശ്വാസത്തിലാണ് നിക്ഷേപകർ ബാങ്കിൽ പണം നിക്ഷേപിക്കുന്നതെന്ന് കമീഷൻ നിരീക്ഷിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കമീഷൻ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും അവർ കോടതിയിൽ ഹാജരായി പത്രിക സമർപ്പിക്കുകയും ചെയ്തു.
ഇരുകക്ഷികളും കമീഷനിൽ ഹാജരാക്കിയ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഹർജിക്കാരന്റെ അന്യായം ന്യായമാണെന്ന് കമീഷന് ബോധ്യപ്പെടുകയും ബാങ്ക് പ്രസിഡന്റ് ബഷീറും സെക്രട്ടറി റോസമ്മ ജയിംസും ഹർജികക്ഷിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് തുകയായ 3,00,000 രൂപയും, 10,000 രൂപ നഷ്ടപരിഹാരവും, 5,000 രൂപ കോടതിച്ചെലവും ചേർത്ത് 3,15,000 രൂപ ഒരു മാസത്തിനകം കൊടുക്കണമെന്നും വീഴ്ച വരുത്തുകയാണെങ്കിൽ എതിർകക്ഷികളുടെ സ്വത്തിൽ നിന്ന് ഈ തുക ഈടാക്കിയെടുക്കാൻ ഹർജികക്ഷിക്ക് അവകാശമുണ്ടായിരിക്കുമെന്നും കമീഷൻ ഉത്തരവിടുകയാണുണ്ടായത്.
കമീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.