ഉപഭോക്തൃ തർക്കപരിഹാരം: സംസ്ഥാനം മെല്ലെപ്പോക്കിൽ
text_fieldsകൊച്ചി: ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പലമേഖലകളിലും കേരളം മുന്നേറ്റം തുടരുമ്പോൾ ഉപഭോക്തൃ തർക്കങ്ങൾ പരിഹരിക്കപ്പെടുന്ന കാര്യത്തിൽ അത്ര മുന്നിലല്ല നമ്മുടെ സംസ്ഥാനം. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ 17ാം സ്ഥാനമാണ് കേരളത്തിനുള്ളത്.
മറ്റു പല സംസ്ഥാനങ്ങളും 95 ശതമാനത്തിനു മുകളിലും ഉപഭോക്തൃ പരാതികൾ തീർപ്പാക്കിയപ്പോൾ കേരളത്തിൽ ഇതുവരെ തീർപ്പാക്കിയത് 91.24 ശതമാനം പരാതികളാണ്. സംസ്ഥാനത്ത് കമീഷൻ നിലവിൽ വന്നതു മുതൽ ഇതുവരെ ലഭിച്ച 32,887 പരാതികളിൽ 30,007 എണ്ണം തീർപ്പാക്കിയപ്പോൾ 2880 കേസുകളാണ് കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ഉപഭോക്തൃ കമീഷനുകളിലെല്ലാമായി ഇതിനകം ലഭിച്ചത് 2,27,435 കേസുകളാണ്, ഇതിൽ 2,12,380 എണ്ണം (93.38 ശതമാനം) പരിഹരിക്കപ്പെട്ടതായി ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമീഷന്‍റെ (എൻ.സി.ഡി.ആർ.സി) കണക്കുകൾ വ്യക്തമാക്കുന്നു.
ത്രിപുരയാണ് ഉപഭോക്തൃ തർക്കപരിഹാരത്തിലെ മുന്നിൽനിൽക്കുന്ന സംസ്ഥാനം. 99.74 ആണ് ഇവിടത്തെ തീർപ്പുകൽപിക്കൽ ശതമാനം. 98.81 ശതമാനവുമായി പഞ്ചാബും 98.41 ശതമാനവുമായി അരുണാചൽപ്രദേശും രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. 97.63 ശതമാനം പരാതികളും തീർപ്പാക്കിയ ഛത്തിസ്ഗഢ് നാലാമതും 97.22 ശതമാനത്തോടെ ആന്ധ്രപ്രദേശ് അഞ്ചാമതുമുണ്ട്. പുതുച്ചേരി (94.52), അന്തമാൻ-നികോബാർ ദ്വീപുകൾ (93.23) തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളും കേരളത്തേക്കാൾ കൂടുതൽ ശതമാനം കേസുകൾ തീർപ്പാക്കിയവയാണ്.
ഉപഭോക്തൃദിനം എന്തിന് ?
ഉപഭോക്താക്കളുടെ എല്ലാ അവകാശങ്ങളും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നടത്തുന്നതിനും ചർച്ച ചെയ്യുന്നതിനുമായാണ് ഉപഭോക്തൃദിനം ആചരിക്കുന്നത്. 1962 മാർച്ച് 15ന് യു.എസ് പ്രസിഡൻറ് ജോൺ എഫ്. കെന്നഡി പാർലമെൻറിൽ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് പ്രസംഗിച്ചതിന്റെ ഓർമക്കായാണ് 1983 മുതൽ എല്ലാ വർഷവും ഈ ദിനം ആചരിച്ചുപോരുന്നത്. ഇന്ത്യയിൽ 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.സി.ഡി.ആർ.സി എന്ന അർധ ജുഡീഷ്യൽ കമീഷൻ നിലവിൽവന്നത്. ഡിസംബർ 24 ആണ് ദേശീയ ഉപഭോക്തൃദിനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.