വിലക്കുറവുമായി സഹകരണ ഓണം വിപണി നാളെ മുതൽ
text_fieldsകൊച്ചി: കൺസ്യൂമർ ഫെഡിന്റെ സഹകരണ ഓണം വിപണികൾ ശനിയാഴ്ച മുതൽ 28 വരെ പ്രവർത്തിക്കുമെന്ന് ചെയർമാൻ എം. മെഹബൂബ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11.30ന് എറണാകുളം ഗാന്ധി നഗറിലെ കൺസ്യൂമർ ഫെഡ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്ത് 1500 ഓണച്ചന്തകളാണുണ്ടാവുക. 175 എണ്ണം ത്രിവേണി നേരിട്ടായിരിക്കും നടത്തുക. 13 ഇനങ്ങൾ സർക്കാർ സബ്സിഡിയോടെ നൽകും. പൊതു വിപണിയെക്കാൾ 10 മുതൽ 40 ശതമാനം വരെ വിലക്കിഴിവിൽ നോൺ സബ്സിഡി സാധനങ്ങളും പച്ചക്കറിയും ലഭ്യമാക്കും. ഓണക്കാലത്ത് 100 കോടിയുടെ സബ്സിഡി സാധനങ്ങൾ ഉൾെപ്പടെ 200 കോടിയുടെ വിൽപനയാണ് ലക്ഷ്യം വെക്കുന്നത്. ഓണവിപണിയിലേക്കുള്ള സാധനങ്ങൾ ദേശീയതലത്തിൽ ഇ-ടെൻഡർ വഴിയാണ് സ്വീകരിച്ചിട്ടുള്ളത്. ഗുണനിലവാരം കുറഞ്ഞ 20 ലോഡ് സാധനങ്ങൾ തിരിച്ചയച്ചു. പ്രധാനമായും തുവര പരിപ്പ്, മല്ലി പയർ എന്നിവയാണ് തിരിച്ചയച്ചതെന്ന് ചെയർമാൻ പറഞ്ഞു.
കൺസ്യൂമർ ഫെഡ് എം.ഡി എം. സലീം, വൈസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മായിൽ, പർച്ചേസ് മാനേജർ ദിനേശ് ലാൽ, അഡ്മിനിസ്ട്രേറ്റിവ് മാനേജർ ശ്യാംകുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
13 ഇനങ്ങൾ ഇവയെല്ലാം
ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നീ ഇനങ്ങളാണ് സബ്സിഡിയിൽ ലഭ്യമാക്കുന്നത്. റേഷൻ കാർഡ് മുഖേനയാണ് വിൽപന.
പൊതുവിപണിയിൽ 1200 രൂപവരെ വില വരുന്ന ഈ സാധനങ്ങൾ ഒരു റേഷൻ കാർഡിന് 462.50 രൂപയ്ക്കാണ് വിൽക്കുന്നത്. അരി അഞ്ചു കിലോ, പച്ചരി രണ്ടു കിലോ, പഞ്ചസാര ഒരു കിലോ, മറ്റു ധാന്യങ്ങളുൾെപ്പടെ അരകിലോ വീതം, വെളിച്ചെണ്ണ അരലിറ്റർ എന്നിങ്ങനെയാണ് സബ്സിഡിയായി ഒരു കുടുംബത്തിന് ലഭ്യമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.