കൺസ്യൂമർഫെഡ് 1600 ഓണച്ചന്തകൾ തുടങ്ങും
text_fieldsകൊച്ചി: സഹകരണവകുപ്പിന്‍റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് സംസ്ഥാനത്ത് 1600 ഓണച്ചന്തകൾ തുടങ്ങും. ഈ മാസം 29 മുതൽ സെപ്റ്റംബർ ഏഴുവരെ പ്രവർത്തിക്കുന്ന ഓണച്ചന്തയിൽ 13 ഇനങ്ങൾ സബ്സിഡിയോടെ ലഭിക്കുമെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മിൽമയുമായിചേർന്ന് ആറിനം ഉൽപന്നങ്ങളുടെ പ്രത്യേകകിറ്റ് വിലക്കിഴിവോടെ ലഭിക്കുമെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. സബ്സിഡി ഉൽപന്നങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 40 ശതമാനംവരെ വിലക്കിഴിവിൽ ലഭിക്കും. 200 കോടിരൂപയുടെ സാധനങ്ങളാണ് ഓണവിപണിയിൽ എത്തിക്കുക.
100 കോടിയുടെ സബ്സിഡി ഇനങ്ങളുടെ വിൽപനയും ബാക്കി നോൺ സബ്സിഡി ഉൽപന്നങ്ങളുമാണ്. 15 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. അരി-25 രൂപ, പച്ചരി- 23, പഞ്ചസാര- 22, വെളിച്ചെണ്ണ(500 മി.) - 46 , ചെറുപയർ- 74, മുളക്-75, മല്ലി- 79, ഉഴുന്ന്- 66, കടല-43 എന്നിവയാണ് പ്രധാന സബ്സിഡി ഇനങ്ങൾ. കൂടാതെ തേയില, സേമിയ, ഉള്ളി, സവാള, കിഴങ്ങ്, കറിപ്പൊടികൾ എന്നിവ പ്രത്യേക വിലക്കുറവിൽ ലഭിക്കും. ഇതോടൊപ്പം കാഷ്യൂ ഡെവലപ്പ്മെന്‍റ് കോർപറേഷന്‍റെ കശുവണ്ടിപ്പരിപ്പ് പൊതുമാർക്കറ്റിനേക്കാൾ 15 ശതമാനം വിലക്കുറവിൽ ലഭിക്കും.
ഓണ വിപണിയിലേക്കുള്ള സാധനങ്ങൾ പൂർണമായും കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള എൻ.സി.ഡി.ഇ.എക്സ് എന്ന സ്ഥാപനം വഴിയാണ് പർച്ചേസ് ചെയ്തിട്ടുള്ളതെന്ന് കൺസ്യൂമർഫെഡ് മാനേജിങ് ഡയറക്ടർ എം.സലീം പറഞ്ഞു.
ഗുണനിലവാര പരിശോധനയിൽ അംഗീകാരം ലഭിക്കുന്നവ മാത്രമേ വിൽപനക്കായി എത്തിക്കു. സഹകരണ സ്ഥാപനങ്ങൾ ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണമാത്രമാണ് വിൽപന നടത്തുക.
വിപണനകേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ മുൻഗണനാക്രമത്തിന് ടോക്കൺ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹംപറഞ്ഞു. ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം 29ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.