ഉപഭോഗം കുതിച്ചുയരുന്നു; കടുത്ത പ്രതിസന്ധിയിലേക്ക് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: പൊള്ളുന്ന വേനലിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബിയെ കൂടുതൽ പരുങ്ങലിലാക്കുന്നു. കഠിനമായ ചൂടിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് കടക്കുമ്പോൾ ഉയർന്ന വിലയ്ക്ക് പവർ എക്സ്ചേഞ്ചിൽനിന്നും അധിക വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ്.
ഒരാഴ്ചയായി മിക്കദിവസങ്ങളിലും വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂനിറ്റ് കടന്ന് മുന്നോട്ടുപോകുന്ന സ്ഥിതിയാണ്. വ്യാഴാഴ്ചയിലെ ഉപഭോഗം 101.13 ദശലക്ഷം യൂനിറ്റാണ്. ബുധനാഴ്ച ഇത് 101.06 ദശലക്ഷം യൂനിറ്റായിരുന്നു. പീക്ക് സമയത്തെ ആവശ്യകത വ്യാഴാഴ്ച സർവകാല റെക്കോഡായ 5150 മെഗാവാട്ട് യൂനിറ്റിലെത്തി. ഞായറും തിങ്കളും ഉപയോഗത്തിൽ നേരിയ കുറവുവന്നെങ്കിലും ചൊവ്വാഴ്ച മുതൽ ഉപയോഗം 100 ദശലക്ഷം യൂനിറ്റ് കടക്കുകയായിരുന്നു. ഉയർന്ന ഉപഭോഗംമൂലം ദിവസവും 15 കോടിയോളം വൈദ്യുതി വാങ്ങാൻ അധികമായി ചെലവിടേണ്ടി വരുന്നുണ്ട്. കെ.എസ്.ഇ.ബി നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ സാഹചര്യത്തിൽ അടുത്തിടെ നടന്ന ഉന്നതതല യോഗം 500 കോടി കടമെടുക്കാൻ അനുമതി നൽകിയതല്ലാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മറ്റ് തീരുമാനങ്ങളൊന്നും എടുത്തിരുന്നില്ല. സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശികയടക്കം ഈടാക്കാൻ നടപടി വേണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യവും അവഗണിക്കുകയായിരുന്നു.
വൈദ്യുതി ഉപഭോഗം ഈ രീതിയിൽ തുടരുകയാണെങ്കിൽ സഹായം തേടി സർക്കാറിനെയോ നിരക്ക് വർധനതേടി റെഗുലേറ്ററി കമീഷനേയോ സമീപിക്കേണ്ട സാഹചര്യമാണ് കെ.എസ്.ഇ.ബിക്ക് മുന്നിൽ.
നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത് 465 മെഗാവാട്ടിന്റെ നാല് ദീർഘകാല കരാറുകൾ റദ്ദാക്കിയതാണ്. ഇത് പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി ലഭ്യമാക്കുന്നതിലെ അനിശ്ചിതത്വം നിലനിൽക്കുന്നു. ഇതിൽ ഒരു കമ്പനി 150 കോടി കുടിശ്ശിക തീർത്താലേ വൈദ്യുതി നൽകാനാവൂവെന്ന നിലപാടിലാണ്. കെ.എസ്.ഇ.ബിയുടെ കണക്കിൽ കമ്പനിക്ക് നൽകാനുള്ളത് 100 കോടിയോളം മാത്രമാണ്. മറ്റ് കമ്പനികളും പലകാരണങ്ങളാൽ വൈദ്യുതി നൽകാനാവില്ലെന്ന നിലപാട് തുടരുകയാണ്. കരാർ പുനഃസ്ഥാപിച്ച റെഗുലേറ്ററി കമീഷനാവട്ടെ വൈദ്യുതി ലഭ്യമാക്കാനുള്ള തുടർ ഇടപെടൽ നടത്തുന്നില്ലെന്ന വിമർശനവും ഉയരുന്നു. കരാർ പാലിക്കാത്ത കമ്പനികളെ മറ്റ് സംസ്ഥാനങ്ങളിൽ കരിമ്പട്ടികയിൽ പെടുത്തുന്നതടക്കമുള്ള ശക്തമായ ഇടപെടൽ വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.