ചാഴികാടന് അവഹേളനം; മാണി ഗ്രൂപ്പിൽ അമർഷം പുകയവെ മുഖ്യമന്ത്രി അനുകൂല കാമ്പയിനുമായി നേതൃത്വം
text_fieldsകൊച്ചി: തോമസ് ചാഴികാടൻ എം.പിയെ നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവഹേളിച്ചെന്ന കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ വികാരം സി.പി.എം കണക്കിലെടുക്കില്ല. മാണിഗ്രൂപ്പിൽ മുഖ്യമന്ത്രിക്കെതിരെ അമർഷം മുറുകുന്നതിനിടെയാണ് സി.പി.എമ്മിന്റെ അവഗണനാ നിലപാട്. മാണി ഗ്രൂപ്പിന്റെ വിഷമം സി.പി.എം നേതാക്കൾ ധരിപ്പിച്ചപ്പോൾതന്നെ അതത്ര ഗൗനിക്കേണ്ടതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ചാഴികാടൻ പരസ്യമായി അപമാനിതനായിട്ടും പാർട്ടി ചെയർമാൻ ജോസ് കെ. മാണി തുടരുന്ന മൗനവും മറ്റുമാണ് മുഖ്യമന്ത്രിയുടെ ബലം. മുന്നണി വിടുന്നത് ഗുണം ചെയ്യില്ലെന്ന സന്ദേശം അസംതൃപ്തരായ നേതാക്കളെയും മുതിർന്ന അണികളെയും ധരിപ്പിക്കുന്ന തിരക്കിലുമാണ് പാർട്ടി നേതൃത്വം.
മാണി ഗ്രൂപ്പിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് വിലയിരുത്തുന്ന സി.പി.എം, പകരം ചാഴികാടൻ ഉന്നയിച്ച റബർ വിഷയം ഗൗരവമായ ചർച്ചയാക്കി വികാരം മറികടക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. റബർവില വിഷയം ബിഷപ്പുമാരടക്കം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ നഷ്ടം ഒഴിവാക്കാനും ഇതാണ് പോംവഴി എന്നാണ് പാർട്ടി കരുതുന്നത്.
കേരള കോൺഗ്രസ് അണികളിലെ അതൃപ്തി മുതലെടുക്കാനുള്ള കോൺഗ്രസ് നീക്കത്തെ കരുതലോടെ സമീപിക്കാനും നിർദേശമുണ്ട്. മുഖ്യമന്ത്രിതന്നെ നേരിട്ട് റബർ കർഷകരുടെ യോഗം വിളിക്കുന്നതടക്കം കാര്യങ്ങളാണ് ക്ഷീണം തീർക്കാൻ സി.പി.എം കണ്ടിട്ടുള്ളത്.
കർഷകർക്ക് അനുകൂല തീരുമാനമുണ്ടാകുന്നതോടെ ഇപ്പോഴത്തെ നീരസം അവസാനിക്കുമെന്നും കണക്കുകൂട്ടുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ചാഴികാടനെത്തന്നെയാണ് കേരള കോൺഗ്രസ് കോട്ടയത്ത് പരിഗണിക്കുന്നത്. ഈ സാഹചര്യത്തിൽ അദ്ദേഹം ഉന്നയിച്ച് വിവാദമായ വിഷയത്തിൽ നടപടിയുണ്ടാകുന്നത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് സി.പി.എം കരുതുന്നത്.
അതിനിടെ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും മുൻ എം.എൽ.എയുമായ പി.എം. മാത്യു പാർട്ടിയുടെ മൗനത്തെ വിമർശിച്ച് രംഗത്തെത്തി. ജോസ് കെ. മാണിയുടെ മൗനം നല്ലതല്ലെന്നും വേദിയിൽ വെച്ചുതന്നെ മുഖ്യമന്ത്രിയെ തിരുത്താമായിരുന്നെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.