പള്ളി ഏറ്റെടുക്കൽ ഉത്തരവ് നടപ്പായില്ല; സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഹൈകോടതി
text_fieldsകൊച്ചി: യാക്കോബായ പക്ഷത്തിന്റെ കൈവശമുള്ള പള്ളികൾ സുപ്രീംകോടതി വിധി പ്രകാരം ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് പാലിക്കാത്തതിനെതിരായ ഹരജികളിൽ സർക്കാറടക്കം എതിർകക്ഷികൾക്കെതിരെ ഹൈകോടതി കോടതിയലക്ഷ്യ നടപടി സ്വീകരിക്കും.
കുറ്റം ചുമത്താൻ സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, മധ്യമേഖല പൊലീസ് ഐ.ജി, ജില്ല കലക്ടർ, റൂറൽ ജില്ല പൊലീസ് മേധാവി, ആർ.ഡി.ഒ, ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർമാർ, യാക്കോബായ പക്ഷക്കാരായ ചില പുരോഹിതർ തുടങ്ങിയവരടക്കം എതിർകക്ഷികൾ നവംബർ എട്ടിന് നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടു.
പാലക്കാട്, എറണാകുളം ജില്ലകളിലായി തർക്കം നിലനിൽക്കുന്ന ആറ് പള്ളി ഏറ്റെടുക്കാൻ നേരത്തേ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എറണാകുളം ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ ഓർത്തഡോക്സ് പള്ളി, മഴുവന്നൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, പാലക്കാട് മംഗലം ഡാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എരിക്കിൻചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി എന്നിവ ഏറ്റെടുക്കാനാണ് കലക്ടർമാർക്ക് ആഗസ്റ്റ് 30ന് നിർദേശം നൽകിയത്.
ഇതുസംബന്ധിച്ച റിപ്പോർട്ട് കലക്ടർമാർ നൽകണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മറുപക്ഷം അപ്പീൽ നൽകിയെങ്കിലും കഴിഞ്ഞദിവസം ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.