സജി ചെറിയാനെ പാർട്ടി കൈവിടില്ല
text_fieldsതിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗം സംബന്ധിച്ച വിവാദത്തിൽ മന്ത്രി സജി ചെറിയാനെ സി.പി.എം തൽക്കാലം കൈവിടില്ല. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയത് റദ്ദാക്കിയ ഹൈകോടതി വിധി തിരിച്ചടിയായെന്നാണ് പാർട്ടിയുടെയും വിലയിരുത്തൽ. എന്നാൽ, രാജി വേണ്ടെന്നാണ് പാർട്ടി തീരുമാനം. നേരത്തേ പ്രസംഗം വിവാദമായ ഘട്ടത്തിൽ സജി ചെറിയാൻ രാജിവെച്ചതാണ്. ഭരണഘടനയെ അവഹേളിച്ചയാൾ മന്ത്രിസ്ഥാനത്ത് തുടരുന്നതിന്റെ ധാർമികത സംബന്ധിച്ച ചോദ്യത്തിന് ഒരേ വിഷയത്തിൽ രണ്ടുതവണ രാജി വേണ്ടെന്നതാണ് പാർട്ടിയുടെ മറുപടി.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പതിവുയോഗം വെള്ളിയാഴ്ച ചേരുന്നുണ്ട്. ഈ വിഷയത്തിൽ കൂടുതൽ ചർച്ച സെക്രട്ടേറിയറ്റിൽ ഉണ്ടായേക്കും. രാജി സാധ്യത ഒട്ടുമില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചുവെന്നതാണ് കേസ് ഗൗരവമുള്ളതാക്കുന്നത്. കീഴ്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും അന്വേഷണത്തിന്റെ തുടർഘട്ടങ്ങളിൽ കോടതിയിൽനിന്ന് കടുത്ത പരാമർശങ്ങൾ ഉണ്ടായേക്കാം. ആ പ്രതിസന്ധി മുന്നിൽകാണുമ്പോഴും സജി ചെറിയാനെ പാർട്ടി കൈവിടാതിരിക്കാൻ കാരണമുണ്ട്. തെക്കൻ കേരളത്തിൽ ക്രിസ്ത്യൻ സഭ നേതൃത്വങ്ങളുമായി സി.പി.എമ്മിനെ ചേർത്തുനിർത്തുന്നതിൽ സജി ചെറിയാന്റെ പങ്ക് നിർണായകമാണ്. സജി ചെറിയാൻ മന്ത്രിസഭയിൽനിന്ന് പുറത്താകുന്നത് ആ വോട്ട് ബാങ്കിനെ ബാധിക്കുമെന്ന ആശങ്ക പാർട്ടിക്കുണ്ട്.
ക്രിസ്ത്യൻ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയും പ്രതീക്ഷയും വെച്ചുകൊണ്ടുള്ള സി.പി.എമ്മിന്റെ പുതിയ രാഷ്ട്രീയ നയസമീപനത്തിന്റെ പശ്ചാത്തലത്തിൽ സജി ചെറിയാൻ കൂടുതൽ ശക്തനാണ്. അതുകൊണ്ടുകൂടിയാണ് വിധി വന്നതിന് പിന്നാലെതന്നെ രാജി ആവശ്യം തള്ളി പാർട്ടി നേതൃത്വം രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.