രാജ്യസഭ സീറ്റ്: ചർച്ച ഫലം കണ്ടില്ല
text_fieldsതിരുവനന്തപുരം: ഒഴിവ് വരുന്ന രാജ്യസഭ സീറ്റിനായുള്ള അവകാശവാദം മുന്നണിക്കുള്ളിൽ കടുത്ത പിരിമുറക്കം സൃഷ്ടിച്ച സാഹചര്യത്തിൽ സി.പി.എം നടത്തിയ ഉഭയകക്ഷി ചർച്ച ഫലം കണ്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ സി.പി.ഐ നേതൃത്വവും കേരള കോൺഗ്രസ് മാണി വിഭാഗവുമായി ചർച്ച നടത്തിയെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചക്ക് തയാറായില്ല.
ജൂലൈയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധിയാണ് കഴിയുന്നത്.നിലവിലെ നിയമസഭ അംഗസംഖ്യവെച്ച് രണ്ടുപേരെ വിജയിപ്പിക്കാനേ എൽ.ഡി.എഫിന് കഴിയൂ. ഒരു സീറ്റിൽ സി.പി.എം മത്സരിക്കും. രണ്ടാം സീറ്റിൽ അവകാശ വാദമുന്നയിച്ച് സി.പി.ഐയും കേരള കോൺഗ്രസ് മാണി വിഭാഗവും ആർ.ജെ.ഡിയും എൻ.സി.പിയും രംഗത്തെത്തിയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
മുന്നണിയുടെ കെട്ടുറപ്പിനുവേണ്ടി വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് സി.പി.എം ആവശ്യപ്പെട്ടെങ്കിലും സി.പി.ഐ നിരസിച്ചു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ രണ്ടാം സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനുവേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ വിട്ടുനൽകിയിരുന്നെന്നും സി.പി.ഐ നേതാക്കൾ ചൂണ്ടിക്കാട്ടി.
കോട്ടയം സീറ്റിൽ പരാജയപ്പെട്ടതോടെ ലോക്സഭയിലെ തങ്ങളുടെ പ്രാതിനിധ്യം ഇല്ലാതായെന്നും സീറ്റ് അനിവാര്യമാണെന്നുമായിരുന്നു കേരള കോൺഗ്രസ് നിലപാട്. ജോസ് കെ. മാണിക്ക് രാജ്യസഭ സീറ്റിന് പകരം ഭരണപരിഷ്കാര കമീഷൻ ചെയർമാൻ സ്ഥാനം നൽകാമെന്ന നിർദേശമുയർന്നെങ്കിലും അംഗീകരിച്ചില്ല. യു.ഡി.എഫിലായിരിക്കെ 2018ൽ ജയിച്ച രാജ്യസഭ സീറ്റുമായാണ് കേരള കോൺഗ്രസ് ഇടതു മുന്നണിയിലേക്കെത്തുന്നത്. 2021 നവംബറിലാണ് ഇടതുമുന്നണിയുടെ ഭാഗമായി വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ഈ സാഹചര്യത്തിൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് കേരള കോൺഗ്രസ് വാദം.വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ തിങ്കളാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും എൽ.ഡി.എഫും യോഗവും ചേരുന്നുണ്ട്. ഇതിന് മുമ്പ് ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്നായിരുന്നു സി.പി.എം ധാരണ. എന്നാൽ, ചർച്ച ധാരണയാകാതെ പിരിഞ്ഞതോടെ വിഷയത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
സീറ്റിൽ വീട്ടുവീഴ്ച ചിന്തിക്കാൻ കഴിയില്ല -സി.പി.ഐ
തിരുവനന്തപുരം: തങ്ങൾക്ക് അവകാശപ്പെട്ട സീറ്റിൽ ഒരു വീട്ടുവീഴ്ചയും സി.പി.ഐക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആശയവിനിമയത്തിന്റെ ഒരുഘട്ടം കഴിഞ്ഞെന്നും ഇനി തുടർഘട്ടങ്ങളുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
മുന്നണി മാറുമെന്നത് രാഷ്ട്രീയ ഗോസിപ് -ജോസ് കെ. മാണി
തിരുവനന്തപുരം: ആവശ്യങ്ങൾ കൃത്യമായി സി.പി.എമ്മിനോട് അവതരിപ്പിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി. മുന്നണി മാറുമെന്നത് പൊളിറ്റിക്കൽ ഗോസിപ്പാണ്. അങ്ങനെ ചർച്ച നടത്തുന്നവർക്ക് എന്തെങ്കിലും സുഖം കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെയെന്നും ജോസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.