Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്.എസ്-സി.പി.എം...

ആർ.എസ്.എസ്-സി.പി.എം ചര്‍ച്ചയുടെ ഉള്ളടക്കം പുറത്തുവിടണം -കെ. സുധാകരന്‍

text_fields
bookmark_border
K Sudhakaran
cancel

ഡല്‍ഹിയില്‍ ജമാഅത്തെ ഇസ്‍ലാമി ഉള്‍പ്പെടെയുള്ള മുസ്‍ലിം സംഘടനകള്‍ ആർ.എസ്.എസുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ നടത്തിയ ആർ.എസ്.എസ്-സി.പി.എം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഈ ചര്‍ച്ചയെ തുടര്‍ന്നാണ് ബി.ജെ.പി- സി.പി.എം സംഘട്ടനം നിലച്ചതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീണ്ടും കൊന്നൊടുക്കിയതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ബി.ജെ.പി അമ്പതിലധികം നിയോജക മണ്ഡലങ്ങളില്‍ വോട്ടുമറിച്ചതും അന്നത്തെ ചര്‍ച്ചയുടെ ഫലമാണ്. ലാവ്‌ലിൻ കേസ് 33 തവണ നീട്ടിവെച്ചതും ഇതേ അന്തര്‍ധാര പ്രവര്‍ത്തിക്കുന്നത് കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു.

ജമാഅത്തെ ഇസ്‍ലാമി-ആര്‍.എസ്.എസ് ചര്‍ച്ചയില്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നത് സി.പി.എം നേരിടുന്ന ആഴമേറിയ പ്രതിസന്ധികളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ്. ആ വെട്ടില്‍ വീഴാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. പിണറായി വിജയനും അദ്ദേഹത്തിന്റെ കൊള്ളസംഘവും നടത്തിയ തീവെട്ടിക്കൊള്ളകളും ജനദ്രോഹ നടപടികളും ജനമധ്യത്തില്‍ തുറന്നുകാട്ടുന്ന പ്രചാരണ, പ്രക്ഷോഭ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും.

കാലാകാലങ്ങളില്‍ എല്ലാത്തരം വര്‍ഗീയതയെയും സി.പി.എം താലോലിക്കാറുണ്ട്. 42 വര്‍ഷത്തിലധികം സി.പി.എമ്മിന്റെ സഹയാത്രികരായിരുന്ന ജമാഅത്തെ ഇസ്‍ലാമിയെ സി.പി.എം ഇപ്പോള്‍ ചണ്ടിപോലെ പുറന്തള്ളിയത് സി.പി.എമ്മിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തിന്‍റെ ഭാഗമാണ്. ബി.ജെ.പിയെ നേരിടാന്‍ ചെറുതും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീരുമാനം എടുത്തപ്പോള്‍ അതില്‍നിന്ന് വിട്ടുനിന്ന് ബി.ജെ.പിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ സി.പി.എമ്മുകാര്‍.

കോണ്‍ഗ്രസ്, ബി.ജെ.പിയിതര പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പ്രതികാരത്തിന് മോദി ഉപയോഗിച്ചിട്ടും കേരളത്തില്‍ സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍ ഇടപാടുകളില്‍ പ്രതിസ്ഥാനത്ത് നിൽക്കുന്ന മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ചെറുവിരല്‍ അനക്കുന്നില്ല. വര്‍ഗീയ സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള സി.പി.എം ബന്ധവും മഅ്ദനിയുമായി മലപ്പുറത്ത് സഖ്യമുണ്ടാക്കി പിണറായി വിജയന്‍ വേദി പങ്കിട്ടതുമൊക്കെ ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചു നിൽക്കുന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് തുറന്നുപറയാന്‍ ചങ്കൂറ്റമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സുധാകരന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudhakaranCPM
News Summary - Content of RSS-CPM discussion should be released -K. Sudhakaran
Next Story