‘കേരളത്തിൽ മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ’; ഇ.പി. ജയരാജനെ തള്ളി എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: കേരളത്തിൽ മത്സരം ഇടതുമുന്നണിയും ബി.ജെ.പിയും തമ്മിലാണെന്ന എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിവാദ പ്രസ്താവന തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിൽ മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണെന്ന് ഗോവിന്ദൻ പറഞ്ഞു. ‘അതിൽ സംശയമൊന്നുമില്ല. കേരളത്തിൽ ശരിയായ മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ്. കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇ.പി. ജയരാജൻ അങ്ങനെ പറഞ്ഞത്. ഇന്നലെ മുഖ്യമന്ത്രി അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞങ്ങൾ എല്ലാക്കാലത്തും പറഞ്ഞിട്ടുള്ളതും അതുതന്നെയാണ്’-ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
സി.എ.എ വിഷയത്തിൽ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊക്കെ റാലി നടത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അതിനെതിരായി യോജിക്കുന്ന മുഴുവൻ ശക്തികളെയും യോജിപ്പിച്ച് അണിനിരത്തിയാകും പരിപാടി.
ഇലക്ടറല്‍ ബോണ്ടിന്‍റെ നമ്പരുകള്‍ വെളിപ്പെടുത്താത്തതില്‍ എസ്.ബി.ഐക്ക് സുപ്രീംകോടതി വിമർശനം നേരിട്ടതിലും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണിത്. ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ രാജ്യത്ത് അഴിമതി വളർത്തുകയാണ്. ഏറ്റവും കൂടുതൽ പണം നൽകിയത് അഴിമതിയുടെ അങ്ങേത്തലമെന്ന് ചൂണ്ടിക്കാട്ടിയ സാന്റിയാഗോ മാർട്ടിന്റെ കമ്പനിയാണ്. ഏറ്റവും കൂടുതൽ പണം നേടിയത് ബി.ജെ.പിയും. സി.പി.എമ്മിനും സി.പി.ഐക്കും പണം ലഭിച്ചു എന്ന് മാധ്യമങ്ങൾ വാർത്ത നൽകി. ഇലക്ടറൽ ബോണ്ടിന്റെ പണം വേണ്ടെന്ന് തീരുമാനിച്ച പാർട്ടിയാണ് സി.പി.എം. പാർട്ടി നിലപാടിനെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ്. എന്താണ് ഈ മാധ്യമങ്ങൾ പറയുന്നത്? ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ എന്തൊക്കെ വാർത്തകളാണ് നൽകുന്നതെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
പൗരത്വ നിയമം നടപ്പിലാക്കാതിരിക്കാൻ പറ്റില്ല എന്നാണ് ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ പറയുന്നത്. വി.ഡി. സതീശനും കെ. സുരേന്ദ്രനും ഒരേ ശബ്ദമാണ്. ഇരുവരും ഒരേ തൂവൽ പക്ഷികളാണ്. കോൺഗ്രസിന് മൃദു ഹിന്ദുത്വമാണെന്ന് ഞങ്ങൾ ഏറെക്കാലമായി പറയുന്നതാണ്. കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം അതു പറഞ്ഞല്ലോ. കോൺഗ്രസിനെ യു.ഡി.എഫിന്റെ ഭാഗമായി നിൽക്കുന്നവർക്കുവരെ വിശ്വാസത്തിലെടുക്കാനാവുന്നില്ല എന്നാണ് ഇത് അർഥമാക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.