Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുടർച്ചയായി വീഴ്ചകൾ;...

തുടർച്ചയായി വീഴ്ചകൾ; നിലവാരത്തകർച്ചയിൽ സി.ബി.എൽ

text_fields
bookmark_border
തുടർച്ചയായി വീഴ്ചകൾ; നിലവാരത്തകർച്ചയിൽ സി.ബി.എൽ
cancel
camera_alt

കൊച്ചിക്കായലിലെ മണൽത്തിട്ടക്കരികിലൂടെ മത്സരത്തിൽ

പ​ങ്കെടുക്കുന്ന വള്ളങ്ങൾ

പത്തനംതിട്ട: ജലോത്സവ പ്രേമികളെ നിരാശയിലാക്കി നിലവാരം തകർന്ന് ചാമ്പ്യൻസ് ബോട്ട് ലീഗ്. അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ച് വിദേശ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് തുടക്കംകുറിച്ചതാണ് ചുണ്ടൻവള്ളങ്ങളുടെ സി.ബി.എൽ.

എന്നാൽ, സംഘാടകരുടെ അലംഭാവംമൂലം ഇപ്പോൾ പ്രാദേശികമായി നടക്കുന്ന വള്ളംകളിയുടെ നിലവാരത്തിലേക്ക് ഇത് താഴുകയാണെന്നാണ് ആക്ഷേപം. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സി.ബി.എലിന്‍റെ അഞ്ചാം മത്സരത്തിൽ ശനിയാഴ്ച മറൈൻഡ്രൈവിൽ കണ്ടത്.

മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്ക് സുഗമമായി തുഴഞ്ഞു നീങ്ങാനുള്ള ട്രാക്ക് ഒരുക്കുന്നതിൽപോലും സംഘാടകർ വീഴ്ചവരുത്തി. മത്സരിച്ച പല വള്ളങ്ങൾക്കും മണൽതിട്ടയിൽ ഉറച്ചതുമൂലം തുഴഞ്ഞുനീങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായി.

2019ൽ തുടക്കമിട്ട് കോവിഡ്മൂലം രണ്ടുവർഷം മുടങ്ങിയ സി.ബി.എല്ലിന്‍റെ രണ്ടാം എഡിഷനാണ് ഇപ്പോൾ നടക്കുന്നത്. 12 മത്സരങ്ങളിൽ അഞ്ചാമത്തേതാണ് കൊച്ചിയിൽ കഴിഞ്ഞത്. ചുമതലപ്പെട്ടവരുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇനി മത്സരം നടക്കാനിരിക്കുന്ന താഴത്തങ്ങാടി, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും കൊച്ചിയിലെ സ്ഥിതി ആവർത്തിക്കുമെന്ന് ജലോത്സവ ജാഗ്രത സമിതി പ്രസിഡന്‍റ് ബാബു പാറക്കാട് പറഞ്ഞു.

വൻതുക നൽകേണ്ടതിനാൽ സ്റ്റാർ സ്പോർട്ട്സിലൂടെയുള്ള തത്സമയ സംപ്രേഷണം സംഘാടകർ വേണ്ടെന്ന് വെച്ചതോടെതന്നെ സി.ബി.എലിന് ലക്ഷ്യം കൈവരിക്കാനാകുമോ എന്ന ആശങ്കയുണ്ടായി. ഇതിന് പകരം കേരളത്തിലെ ന്യൂസ് ചാനലുകൾ വഴി സംപ്രേഷണം ചെയ്യാനുള്ള സാധ്യത പ്രയോജനപ്പെടുത്താനും ചുമതലപ്പെട്ടവർ തയാറായില്ല.

പിറവത്തെ മത്സരം മുതൽ ഒരു യൂ ട്യൂബ് ചാനൽ ചെയ്യുന്ന സംപ്രേഷണമാണ് ഇപ്പോൾ വള്ളംകളി പ്രേമികൾക്ക് ആശ്വാസം. ഇതുകൊണ്ട് അവർ പ്രയോജനം ഉണ്ടാക്കുമ്പോഴും സംഘാടകർ കാഴ്ചക്കാരാണ്. സംഘാടകർ വഴിപാടുപോലെ കാര്യങ്ങളുമായി മുന്നോട്ടുപോകുമ്പോഴും കാണികളെ ആവേശഭരിതരാക്കി തീപാറും മത്സരമാണ് ഇത്തവണ നടക്കുന്നത്.

അഞ്ച് മത്സരം കഴിഞ്ഞപ്പോൾ മൂന്നിലും വിജയിച്ച് കഴിഞ്ഞ സി.ബി.എൽ ജേതാക്കളായ പി.ബി.സിയാണ് മുന്നിൽ. ആറാം മത്സരം 15ന് തൃശൂർ കോട്ടപ്പുറത്താണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Champions Boat LeagueCBL
News Summary - Continual falls-Degradation of CBL Champions Boat League quality fallen
Next Story