പ്രതീക്ഷയുടെ തുടർച്ച; തിരുത്തലുകളുടെ സാധ്യത
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിെൻറ വെല്ലുവിളി തുടർച്ചയുടെ പ്രതീക്ഷയും തിരുത്തലുകളുടെ സാധ്യതയുമാണ്. അത് എത്ര നന്നായി ടീം പിണറായി നിർവഹിക്കുന്നു എന്നതിെൻറ അടിസ്ഥാനത്തിലാവും എൽ.ഡി.എഫും സി.പി.എമ്മും രാഷ്ട്രീയവും സംഘടനപരവുമായ ഒൗന്നത്യത്തിലേക്ക് എത്തുന്നതും താഴ്ചയിലേക്ക് പതിക്കുന്നതും.
ഒാഖിയും നിപ്പയും രണ്ട് പ്രളയവും കോവിഡും പിടിച്ചുലച്ച അഞ്ചുവർഷമാണ് ഒന്നാം പിണറായി സർക്കാർ അഭിമുഖീകരിച്ചത്. ക്ഷേമ പദ്ധതികളിലൂടെയും ദുരന്തകാലത്ത് ഒരാളും പട്ടിണി കിടക്കാതെ കാത്തും വലിയവിഭാഗം ജനതക്ക് ആത്മവിശ്വാസം നൽകിയാണ് വെല്ലുവിളികൾ മറികടന്നത്. ഭരണത്തുടർച്ചയിലും സർക്കാറിനെ കാത്തിരിക്കുന്നത് മഴക്കെടുതിയും കോവിഡ് വ്യാപനവുമാണ്.
തദ്ദേശ, ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പുകൾ കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചക്കൊപ്പം ഏതാണ്ട് നിശ്ചലമായ തൊഴിൽ, വ്യാപാര വിപണിക്കും വെല്ലുവിളി നേരിടുന്ന സമ്പദ് വ്യവസ്ഥക്കും ഉൗന്നൽ നൽകി ക്ഷേമ നടപടികൾ മുന്നോട്ടുപോവേണ്ടതുണ്ട്. കോവിഡ് ആദ്യവ്യാപനത്തിെൻറ ശാന്തതയിൽ ആരോഗ്യവകുപ്പിനുണ്ടായ അലസത മറികടക്കുകയാണ് മറ്റൊരു വെല്ലുവിളി.
അക്രമോൽസുകമായ പൊലീസിനെ മനുഷ്യവത്കരിക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി. ജനങ്ങളെ ഭയപ്പെടുത്തുകയും മറ്റ് വകുപ്പുകളെ ഭരിക്കുകയും ചെയ്യുന്ന തലത്തിലേക്ക് മുഖ്യമന്ത്രിയുടെ തണലിൽ വളർന്ന പൊലീസാണ് ഇപ്പോഴും. എട്ട് മാവോവാദികളുടെ വ്യാജ ഏറ്റുമുട്ടലിൽ കൊല, അലൻ, താഹ പോലെ സി.പി.എം അംഗങ്ങളടക്കമുള്ളവർക്കെതിരെ യു.എ.പി.എ ചുമത്തൽ, ലോക്കപ് കൊലപാതകങ്ങൾ, സ്ത്രീകൾക്കും മുസ്ലിംകൾക്കും എതിരായ അക്രമങ്ങളിൽ ഹിന്ദുത്വ ശക്തികളോട് പൊലീസ് സ്വീകരിച്ച മൃദുസമീപനം തുടങ്ങിയവ ആവർത്തിക്കാതെ നോക്കേണ്ടത് വെല്ലുവിളി തന്നെയാണ്.
കഴിഞ്ഞതവണ മുഖ്യമന്ത്രിയുടെ ഒാഫിസുമായി ബന്ധപ്പെട്ട ആരോപണങ്ങളും ചില മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച സ്വജനപക്ഷപാതവും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണ് തെരഞ്ഞെടുപ്പ് മുതൽ സി.പി.എം എടുത്ത നയനിലപാടുകൾ. രണ്ടുപ്രാവശ്യം വിജയിച്ച എം.എൽ.എമാരെയും മുഖ്യമന്ത്രിയൊഴികെ മന്ത്രിമാരെയും മാറ്റിയതു മുഖച്ഛായ മിനുക്കാൻ ലക്ഷ്യമിട്ടാണ്. ഭരണത്തുടർച്ചയിലെ ആലസ്യം ഒഴിവാക്കുന്നതായി പുതുമുഖങ്ങളുടെ ഉൗർജസ്വലതയെന്നും ഇടതുപക്ഷം വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.