നിരന്തര മൂല്യനിർണയം ; ക്ലാസ് പരീക്ഷ നിർണായകം, ഓപൺ ബുക്ക് പരീക്ഷയും
text_fieldsതിരുവനന്തപുരം: സി.ഇ മാർക്കിന് പ്രധാനമായി പരിഗണിക്കുന്ന ഘടകങ്ങളിലൊന്ന് ക്ലാസ് പരീക്ഷകളായിരിക്കും. പഠന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങൾ, ധാരണകൾ, ശേഷികൾ, നൈപുണികൾ, മൂല്യങ്ങൾ, മനോഭാവങ്ങൾ എന്നിവ വിദ്യാർഥി നേടിയത് ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്തും. ഇതിനായി ഒാരോ പാദത്തിലും രണ്ട് ക്ലാസ് പരീക്ഷകളാണ് നിർദേശിച്ചിരിക്കുന്നത്.
നിലവിലെ എഴുത്തുപരീക്ഷക്ക് പുറമെ, തുറന്ന പുസ്തക പരീക്ഷ (ഓപൺ ബുക്ക് പരീക്ഷ), കുട്ടിക്ക് ആത്മവിശ്വാസമുള്ള സമയത്ത് മാത്രം നടത്തുന്ന ഓൺ ഡിമാൻഡ് പരീക്ഷ, വീട്ടിൽവെച്ച് എഴുതാവുന്ന പരീക്ഷ, ഓൺലൈൻ പരീക്ഷ എന്നിവയും നിർദേശിക്കപ്പെട്ടിട്ടുണ്ട്.
വിദ്യാർഥിയെ ബഹുമുഖമായി വിലയിരുത്തുന്നതിന് അഭിമുഖം, വാചാപരീക്ഷ, പ്രായോഗിക പരീക്ഷ, തുറന്ന ചോദ്യാവലി, പ്രകടന വിലയിരുത്തൽ, അവതരണങ്ങൾ, നിരീക്ഷണ രീതി, ഗവേഷണ രീതി, സ്വയം വിലയിരുത്തൽ, പരസ്പരം വിലയിരുത്തൽ, ഗ്രൂപ് വർക്ക്, പ്രശ്നോത്തരികൾ തുടങ്ങിയ രീതികളാണ് നിർദേശിച്ചിരിക്കുന്നത്.
മികവ് വിലയിരുത്തലിൽ പത്രവായനയും
വിദ്യാലയ പ്രവർത്തനങ്ങളിൽ കുട്ടിയുടെ മികവ് വിലയിരുത്തുന്നതിൽ പത്രവായനയും ഘടകം. അക്കാദമിക പ്രവർത്തനങ്ങളിലെ ഹാജർ നില, അധിക വായന, നൂതനാശയ പ്രവർത്തനങ്ങൾ, ശുചിത്വ ഹരിത പ്രവർത്തനങ്ങൾ, നേതൃപാടവം/ സംഘാടനം എന്നിവയും വിലയിരുത്തൽ ഘടകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പഠന പ്രവർത്തന വിലയിരുത്തലിന് പ്രൊജക്ട്, സെമിനാർ, അസൈൻമെന്റ്, പരീക്ഷണം, ഗവേഷണം, പാനൽ ചർച്ച, സംഘചർച്ച, വാദപ്രതിവാദം, സംവാദം, ഫീൽഡ് സന്ദർശനങ്ങൾ എന്നിവയും ഘടകങ്ങളാണ്.
തെറ്റില്ലാത്ത എഴുത്തിനും മാർക്ക്
ക്ലാസ് പരീക്ഷയിൽ വിദ്യാർഥിയെ വിലയിരുത്തുന്നതിനുള്ള സൂചകങ്ങളിൽ അക്ഷരത്തെറ്റും വ്യാകരണ പിഴവുമില്ലാതെ എഴുതാനുള്ള കഴിവ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
പത്താം ക്ലാസ് പാസായ വിദ്യാർഥികൾക്കുപോലും അക്ഷരത്തെറ്റില്ലാതെ എഴുതാൻ അറിയില്ലെന്ന വിമർശനം നിലനിൽക്കെയാണ് ഇത് സി.ഇ മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയത്. ഇതിന് പുറമെ, വിദ്യാർഥിയുടെ പദസമ്പത്ത്, ആശയം ആവിഷ്കരിക്കാനുള്ള കഴിവ് തുടങ്ങിയവയും വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.