നിരന്തര മൂല്യനിർണയം: അന്തഃസത്ത ചോർത്തിയെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ വിദ്യാർഥികൾക്ക് നിരന്തര മൂല്യനിർണയത്തിൽ (സി.ഇ) വാരിക്കോരി മാർക്ക് നൽകുന്ന സമ്പ്രദായത്തെ ഒന്നടങ്കം തള്ളി അധ്യാപക, വിദ്യാർഥി സംഘടനകൾ. എല്ലാ വിദ്യാർഥികൾക്കും മുഴുവൻ മാർക്ക് നൽകുന്ന സി.ഇ മാർക്ക് രീതി അടിയന്തരമായി തിരുത്തണമെന്ന് എസ്.എസ്.എൽ.സി വിഷയ മിനിമം തിരികെ കൊണ്ടുവരുന്ന വിഷയത്തിൽ സംഘടിപ്പിച്ച കോൺക്ലേവിൽ പങ്കെടുത്ത പ്രതിനിധികൾ ഒന്നടങ്കം ആവശ്യപ്പെട്ടു. 50 മാർക്കിന്റെ പരീക്ഷയിൽ പത്തും നൂറ് മാർക്കിന്റെ പരീക്ഷയിൽ 20ഉം സി.ഇ മാർക്കായി എല്ലാവർക്കും നൽകുന്ന രീതിക്കെതിരെയാണ് വിമർശനം. മുഴുവൻ കുട്ടികൾക്കും നൂറു ശതമാനം മാർക്കും നൽകുന്ന സമ്പ്രദായം നിരന്തരമൂല്യനിർണയം എന്ന പ്രക്രിയയുടെ അന്തഃസത്ത ചോർത്തിയെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ് അഭിപ്രായപ്പെട്ടു.
എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നടപ്പാക്കുകയാണെങ്കിൽ നൂറ് മാർക്കിന്റെ പരീക്ഷക്ക് 24 മാർക്കും 50 മാർക്കിന്റെ പരീക്ഷക്ക് 12 മാർക്കും നേടേണ്ടിവരുമെന്ന് ഡയറക്ടർ ചൂണ്ടിക്കാട്ടി. പുതിയ രീതികളായ ഓപൺ ബുക്ക് പരീക്ഷ, ഓൺ ഡിമാൻഡ് പരീക്ഷ, ടേക്ക് ഹോം പരീക്ഷ തുടങ്ങിയവ നടപ്പാക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കണമെന്ന് ഡോ. ജയപ്രകാശ് പറഞ്ഞു. കുട്ടികൾക്ക് മിനിമം ലേണിങ് ലെവൽ നിശ്ചയിക്കണമെന്നും എസ്.എസ്.എൽ.സിയിൽ മിനിമം മാർക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളോട് യോജിക്കുന്നെന്നും പ്രഫ.വി. കാർത്തികേയൻ നായർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.