സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ ക്വാറന്‍റീൻ ഫീസിൽ നിന്ന് ഒഴിവാക്കിയേക്കും
text_fieldsതിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്‍റീൻ ചെലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയേക്കുമെന്ന് സൂചന. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ ക്വാറന്‍റീൻ ചെലവില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നീക്കം.
നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികള്‍ ക്വാറന്‍റീനില്‍ കഴിയുന്ന ആദ്യ ഏഴ് ദിവസത്തെ ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നതില്‍ മാറ്റം വരുത്തിയെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ഇതിനെതിരെ പ്രവാസി സംഘടനകളും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ സർക്കാർ ആലോചിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് തിരികെയെത്തുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കേണ്ടതില്ലെന്ന ധാരണ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായതായാണ് സൂചന. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. പ്രതിപക്ഷം ഇതൊരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാതിരിക്കാൻ വേണ്ടി കൂടിയാണ് സർക്കാർ തീരുമാനം പുനപ്പരിശോധിക്കുന്നത്.
ഈ മാസം 24ന് കേന്ദ്രആഭ്യന്തമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പണം ഈടാക്കി ക്വാറന്‍റീന്‍ ഒരുക്കണമെന്ന് പറയുന്നുണ്ട്. 11189 പേരാണ് ഇതുവരെ മറ്റ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയത്. ഇതില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ പോയവരില്‍ ഭൂരിപക്ഷം പേരും സൗജന്യ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.