ചലച്ചിത്ര അക്കാദമിയിലെ കരാർ നിയമനം: കമലിന്‍റെ കത്ത് പുറത്തുവിട്ട് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ കരാർ നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്കാദമിയിൽ ഇടതുപക്ഷ സ്വഭാവമുള്ളവരെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ചെയർമാനും സംവിധായകനുമായ കമൽ സംസ്ഥാന സർക്കാറിന് അയച്ച കത്ത് ചെന്നിത്തല സഭയുടെ മേശപ്പുറത്ത് വെച്ചു.
സാംസ്കാരിക മന്ത്രി എ.കെ ബാലന് കമൽ അയച്ച കത്താണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. അക്കാദമിയിൽ നാലു കരാർ ജീവനക്കാരെ നിയമിക്കണമെന്ന വിഷയമാണ് കത്തിൽ അഞ്ചാമതായി പറയുന്നത്. ഇതിനായി ചൂണ്ടിക്കാട്ടിയ നിബന്ധനയാണ് വിവാദത്തിന് വഴിവെച്ചത്. ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിൽ നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്, സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നത സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ സഹായിക്കും എന്നാണ് നിബന്ധന.
ചലച്ചിത്ര അക്കാദമി സി.പി.എമ്മിന്‍റെ പോഷക സംഘടനയാക്കിയെന്നും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇത്തരമൊരു സ്ഥിരപ്പെടുത്തൽ നടന്നിട്ടില്ലെന്നും ഇത് നിയമനത്തിനുള്ള മാനദണ്ഡമല്ലെന്ന് മന്ത്രി മറുപടി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാൽ, സാംസ്കാരിക സെക്രട്ടറി പരിശോധിക്കുക എന്ന് മാത്രമാണ് വകുപ്പ് മന്ത്രിയായ എ.കെ. ബാലൻ കത്തിൽ കുറിച്ചിട്ടുള്ളത്.
യുവാക്കൾക്ക് നിയമനം നൽകാതെ കൺസൽട്ടൻസികൾക്കും കരാർ ജീവനക്കാർക്കും ആണ് നിയമനം നൽകുന്നതെന്ന ഷാഫി പറമ്പിലിന്‍റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് കരാർ നിയമം സംബന്ധിച്ച ചലച്ചിത്ര അക്കാദമി ചെയർമാന്‍റെ കത്ത് സഭയുടെ മേശപ്പുറത്ത് വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.