തട്ടിക്കൂട്ടിയ സൊസൈറ്റികൾക്കും കരാർ: ഹൈഡൽ ടൂറിസവും വിവാദത്തിൽ
text_fieldsതൊടുപുഴ: മുൻ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് വൈദ്യുതി ബോർഡിൽ അഴിമതിയും വഴിവിട്ട നടപടിയും ഉണ്ടായെന്ന കെ.എസ്.ഇ.ബി ചെയർമാന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇടുക്കിയിലെ ഹൈഡൽ ടൂറിസം പദ്ധതികളെ ചുറ്റിപ്പറ്റിയും വിവാദം ഉയരുന്നു. ഇടുക്കിയുടെ പ്രതിനിധിയായി മന്ത്രിസഭയിലുണ്ടായിരുന്ന എം.എം. മണി പ്രത്യേക താൽപര്യമെടുത്ത് കടലാസ് സൊസൈറ്റികൾക്കുവരെ കരാർ നൽകിയെന്നും ഇതുവഴി കെ.എസ്.ഇ.ബിക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ് ആരോപണം. ഇടപാടിൽ മണിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ല നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
എം.എം. മണി മന്ത്രിയായിരിക്കെ പൊന്മുടി, ആനയിറങ്കൽ, മൂന്നാർ മാട്ടുപ്പെട്ടി, ചെങ്കുളം, കല്ലാർകുട്ടി, ബാണാസുരസാഗർ എന്നിവിടങ്ങളിലാണ് ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ സഹകരണ സംഘങ്ങൾക്കും ചാരിറ്റബിൾ സൊസൈറ്റികൾക്കും കരാർ നൽകിയത്. സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്കാണ് കരാർ ലഭിച്ചതെന്നും ഇവയിൽ പലതും കടലാസ് സംഘങ്ങളാണെന്നും 2019ൽതന്നെ യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. ആനയിറങ്കലിൽ മൾട്ടി ഡയമൻഷനൽ തിയറ്റർ ആൻഡ് ഹൊറർ ഹൗസിനായി കരാർ നൽകിയത് 'സ്പർശം' എന്ന ചാരിറ്റബിൾ സൊസൈറ്റിക്കാണ്.
പദ്ധതി പ്രഖ്യാപിച്ച ശേഷം മാത്രം പെരുമ്പാവൂരിലെ ചില സി.പി.എം നേതാക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തതാണ് ഈ സംഘമെന്ന് പറയുന്നു. കോടികൾ മുതൽ മുടക്കുള്ള ടൂറിസം പദ്ധതി നടപ്പാക്കാൻ സൊസൈറ്റിക്ക് ആസ്തിയുണ്ടോ എന്നുപോലും അന്വേഷിച്ചില്ല. പൊന്മുടിയിൽ മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിന് 15 വർഷത്തേക്ക് 21 ഏക്കർ പാട്ടത്തിന് നൽകിയിരുന്നു. പുറമ്പോക്ക് ഭൂമി വൈദ്യുതി ബോർഡ് നിയമവിരുദ്ധമായാണ് പാട്ടത്തിന് നൽകിയതെന്നും അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. കല്ലാർകുട്ടിയിലെ പദ്ധതിയുടെ കരാർ നൽകിയത് മുതിരപ്പുഴ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിക്കാണ്. ഇതിന്റെയും രജിസ്ട്രേഷൻ സി.പി.എം നേതാക്കളുടെ പേരിലാണ്. കെ.എസ്.ഇ.ബിക്ക് കുറച്ചും സൊസൈറ്റികൾക്ക് കൂടുതലും വരുമാനം ലഭിക്കുന്ന വിധത്തിലാണത്രേ എല്ലാ കരാറിലെയും വ്യവസ്ഥകൾ. സി.പി.എം ഭരിക്കുന്ന മൂന്നാർ സർവിസ് സഹകരണ ബാങ്കിന് കെ.എസ്.ഇ.ബി ഭൂമി പാട്ടത്തിന് നൽകി ആരംഭിച്ച പാർക്കിന്റെ കരാർ നഷ്ടമാണെന്ന വിലയിരുത്തലിൽ ടൂറിസം ഡയറക്ടർ റദ്ദാക്കിയിരുന്നു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശിയാണ് ബാങ്ക് പ്രസിഡന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.