‘കെൽ’ വാക്കുപാലിച്ചില്ല; ട്രാൻസ്ഫോർമർ കരാറുകൾ സ്വകാര്യ കമ്പനികൾക്ക്
text_fieldsതിരുവനന്തപുരം: ട്രാൻസ്ഫോർമറുകൾ നിർമിച്ച് നൽകാനുള്ള കരാർ വ്യവസ്ഥകൾ പൊതുമേഖലാ സ്ഥാപനമായ ‘കെൽ’ പാലിക്കാത്തതിനെത്തുടർന്ന് മറ്റു വഴികൾതേടി കെ.എസ്.ഇ.ബി. ‘കെൽ’ന് ഗുണകരമായിരുന്ന കരാറായിട്ടും കെ.എസ്.ഇ.ബിക്ക് ആവശ്യമായ സമയത്ത് ട്രാൻസ്ഫോർമറുകൾ നിർമിച്ച് നൽകാൻ കഴിഞ്ഞിരുന്നില്ല. ഇതു സംസ്ഥാനത്തെ വൈദ്യുത വിതരണ മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെയാണ് ഇനി കെല്ലിനെ ആശ്രയിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് കെ.എസ്.ഇ.ബി എത്തിയത്.
2023-24 വർഷം 100 കെ.വി.എ, 160 കെ.വി.എ, 315 കെ.വി.എ, 500 കെ.വി.എ ട്രാൻസ്ഫോർമറുകൾക്കാണ് കെല്ലിൽനിന്ന് വാങ്ങാൻ കെ.എസ്.ഇ.ബി ഓർഡർ നൽകിയത്. എന്നാൽ, യഥാസമയം ട്രാൻസ്ഫോർമർ നൽകാൻ കെല്ലിന് കഴിഞ്ഞില്ല. ഇതു കഴിഞ്ഞ വേനൽകാലത്തടക്കം വിതരണ ശൃംഖലയെ കാര്യക്ഷമമായി നിലനിർത്തുന്നതിന് തടസ്സമായി. വ്യവസായിക രംഗത്തടക്കം പുതിയ കണക്ഷനുകൾക്ക് പണമടച്ച സംരംഭകർക്ക് ട്രാൻസ്ഫോർമർ നൽകാൻ കഴിഞ്ഞുമില്ല. ദ്യുതി-രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ ട്രാൻസ്ഫോർമറുകൾ അടുത്ത വേനലിന് മുമ്പ് ആവശ്യമായ ഇടങ്ങളിൽ സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ട്രാൻസ്ഫോർമറിനായി ഇനിയും കെല്ലിനെ ആശ്രയിക്കാൻ കഴിയാത്തതിനാൽ പുതിയ കരാറുകൾ ഇൗ മേഖലയില സ്വകാര്യ കമ്പനികൾക്കാവും ഇനി ലഭിക്കുക. 2023 ജൂണിൽ കെല്ലിന് നൽകിയ കരാർ പാലിക്കാത്തതിനാൽ ടെൻഡറിൽ തൊട്ടടുത്തുവന്ന മൂന്ന് കമ്പനികൾക്ക് പുതുക്കിയ കരാർ നൽകുകയായിരുന്നു. ഓർഡർ പ്രകാരമുള്ള ട്രാൻസ്ഫോർമർ കമ്പനികൾ കൈമാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്ന കമ്പനികളെ ഇനി ആശ്രയിച്ചാൽ മതിയെന്ന നിലപാടിലേക്ക് കെ.എസ്.ഇ.ബി എത്തിയത്.
500 കെ.വി.എയുടെ 11 ട്രാൻസ്ഫോർമറുകൾക്ക് ഓർഡർ നൽകിയവയിൽ ഏഴെണ്ണം ഇനിയും കെൽ കൈമാറാനുണ്ടെന്നാണ് കെ.എസ്.ഇ.ബി വാദം. 2024 -25 വർഷത്തെ ആവശ്യകതക്ക് അനുസരിച്ചുള്ള ട്രാൻസ്ഫോർമറുകളുടെ ടെൻഡർ നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.