ആയുഷ് മിഷനിലെ കരാർ നിയമനം; പിന്നിൽ കോക്കസ്
text_fieldsതിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഓഫിസിനെതിരെ കൈക്കൂലി ആരോപണം ഉയർന്നതോടെ ആയുഷ് മിഷനിലേതടക്കം കരാർ നിയമനങ്ങൾ സംശയനിഴലിൽ. പാർട്ടിയുടെയും ഭരണമുന്നണിയുടെയും അടുപ്പക്കാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘കോക്കസാ’ണ് മിക്ക നിയമനങ്ങളും നടത്തുന്നത്. ഒപ്പം ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ലാവണങ്ങളുമാണ് ഇത്തരം തസ്തികകൾ.
1300 തസ്തികകൾ വേണ്ടിടത്ത് സർക്കാർ അടുത്തിടെ 116 തസ്തിക അനുവദിച്ചിരുന്നു. അതിൽ 40 എണ്ണം ഹോമിയോ മെഡിക്കൽ ഓഫിസർമാർക്കായി മാറ്റിവെച്ചു. മലപ്പുറം സ്വദേശിയായ ഹരിദാസന്റെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നതും ഹോമിയോ മെഡിക്കൽ ഓഫിസർ തസ്തികയിലെ നിയമനമാണ്. ഹരിദാസന്റെ മകന്റെ ഭാര്യ ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. അപേക്ഷ നൽകിയ വിവരമറിഞ്ഞ് മാര്‍ച്ച് 10ന് പത്തനംതിട്ട സി.ഐ.ടി.യു ഓഫിസ് സെക്രട്ടറി എന്ന് പരിചയപ്പെടുത്തി അഖില്‍ സജീവ് തന്നെ സമീപിച്ച് ജോലി ഉറപ്പ് നൽകിയതായാണ് ഹരിദാസ് പറയുന്നത്. കരാർ നിയമന അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് ഈ കോക്കസ് ആണെന്ന് തെളിയിക്കുന്നതാണ് ഈ വിവരം.
ആയുഷ് മിഷന് കീഴിലെ കരാർ നിയമനങ്ങൾ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുളള കുറുക്കുവഴിയാണെന്ന ആരോപണം നേരത്തേയുണ്ട്. 20ൽ കുറഞ്ഞ അപേക്ഷകരാണെങ്കിൽ എഴുത്തു പരീക്ഷയില്ലാതെ അഭിമുഖം നടത്തി നിയമനം നൽകുന്ന രീതി ആരോപണം ശരിവെക്കുന്നു. ഈ സാഹചര്യം മുതലെടുത്താണ് ‘കോക്കസി’ന്റെ ചരടുവലി. അപേക്ഷകരുടെ വിവരം ശേഖരിച്ച് നേരിൽ ചെന്ന് കാണും. അപേക്ഷിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും ഞങ്ങളുടെ ആൾക്കാരാണ് നിയമനം നടത്തുന്നതെന്നും മൂന്നുവർഷം കഴിഞ്ഞാൽ സ്ഥിരംനിയമനം നൽകുമെന്നും വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുന്നതാണ് രീതി.
പി.ജി യോഗ്യത ആവശ്യമുള്ള തസ്തികകളിൽ അപേക്ഷകർ കുറവാകും. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് കോക്കസ് പ്രവർത്തനം. പെട്ടെന്ന് നിയമനം നടത്താനും, സാമ്പത്തിക ചെലവ് കുറക്കാനുമാണ് കരാർ നിയമനമെന്നാണ് സർക്കാർ വിശദീകരണം. സ്ഥിരം ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവുള്ളപ്പോൾ കരാർ നിയമനങ്ങൾ നടത്താതെ വഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.