മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണം; സുധാകരനെ തള്ളി വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പോര് കടുക്കുന്നു. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. സർക്കാറിനെ വിമർശിക്കേണ്ട സമയമല്ലിത്. ദുരിതാശ്വാസനിധിയിൽ സുതാര്യത വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മുൻ പ്രതിപക്ഷ നേതാവും എം.എൽ.എയുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തിയിരുന്നു. സർക്കാറിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്നും ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭാവന നൽകാൻ കോൺഗ്രസിന്റേതായ ഫോറങ്ങളുണ്ട്. അതിലൂടെ സംഭാവന നൽകുകയായിരുന്നു വേണ്ടതെന്നും സുധാകരൻ കൂട്ടിച്ചേർത്തിരുന്നു.
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന് പിന്നാലെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.വ്യവസായികളും സിനിമ താരങ്ങളും ഉൾപ്പടെ സംഭാവന നൽകിയിരുന്നു. അതേസമയം, ദുരിതാശ്വാസനിധിക്കെതിരെ വ്യാപകമായ പ്രചാരണങ്ങളും നടക്കുന്നുണ്ട്. വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.