പങ്കാളിത്ത പെൻഷൻ പദ്ധതി: ചേരാത്തവർക്ക് ശമ്പളമില്ല
text_fieldsതിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ചേരാത്ത ജീവനക്കാർക്ക് നവംബർ മുതൽ ശമ്പളം തടയാൻ ധനവകുപ്പ് നിർദേശം. നേരത്തേ സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിതരാകുകയും പങ്കാളിത്ത പെൻഷൻ നിലവിൽ വന്ന 2013 ഏപ്രിൽ ഒന്നിനുശേഷം സ്ഥിരപ്പെടുകയും ചെയ്ത ജീവനക്കാരുടെ കാര്യത്തിലാണ് നിർദേശം. ഇവർക്ക് നവംബർ 20 വരെയാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ചേരാൻ സമയം അനുവദിച്ചിരിക്കുന്നത്. അതിനകം ചേർന്നില്ലെങ്കിൽ ആ മാസം മുതലുള്ള ശമ്പള ബില്ലുകൾ പാസാക്കില്ലെന്ന് ധനവകുപ്പ് ഉത്തരവിൽ പറയുന്നു. പങ്കാളിത്ത പെൻഷനുമുമ്പ് അവധി ഒഴിവുകളിൽ പ്രവേശിക്കുകയും പങ്കാളിത്ത പദ്ധതി നടപ്പായ ശേഷം െറഗുലർ തസ്തികയിൽ സ്ഥിരം നിയമനം ലഭിക്കുകയും ചെയ്ത അധ്യാപകർക്കും ഇത് ബാധകമാകും. ഇതിനായി മറ്റൊരു ഉത്തരവും പുറത്തിറക്കി.
പങ്കാളിത്ത പെൻഷൻ പദ്ധതി പുനരാലോചിക്കാൻ കമീഷനെ നിയോഗിച്ചിരിക്കെയാണ് ഒരുവശത്ത് സർക്കാർ പദ്ധതി കർശനമാക്കുന്നത്. കമീഷനെ നേരത്തേ നിയോഗിച്ചെങ്കിലും തെളിവെടുപ്പിലേക്ക് കടന്നിട്ടില്ല. 2013 ഏപ്രിൽ ഒന്നിനു മുമ്പ് സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിക്കുകയും പങ്കാളിത്ത പെൻഷൻ നടപ്പായ ശേഷം മാത്രം െറഗുലറൈസ് ചെയ്യുകയും ചെയ്ത ജീവനക്കാരാണിവർ. നവംബർ 20നകം ഇവരെ പദ്ധതിയിൽ അംഗങ്ങളാക്കാൻ ഡി.ഡി.ഒമാർ പ്രത്യേകം ശ്രദ്ധിക്കണം.
നവംബർ 20ന് ശേഷവും പദ്ധതിയിൽ അംഗങ്ങളാകാത്തവരുടെ ആ മാസം മുതലുള്ള ശമ്പള ബില്ലുകൾ പാസാക്കില്ല. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിെര കർശന അച്ചടക്ക നടപടിയെടുക്കും. പങ്കാളിത്ത പെൻഷനിൽ അംഗങ്ങളാകുന്ന ജീവനക്കാർക്ക് കുടിശ്ശിക അടക്കാൻ പരമാവധി 60 തുല്യ തവണകൾ നൽകാനും തീരുമാനിച്ചു. 2013 ഏപ്രിൽ ഒന്നിനോ അതിനുശേഷമേ സർവിസിൽ പ്രവേശിക്കുന്ന മുഴുവൻ ജീവനക്കാർക്കും പങ്കാളിത്ത പെൻഷൻ ബാധകമാക്കിയിരുന്നു. പിന്നീടാണ് സൂപ്പർ ന്യൂമററി വിഷയം വന്നത്. അവർക്കും പങ്കാളിത്ത പെൻഷൻ ബാധകമാക്കുകയായിരുന്നു. നിയമനം ലഭിച്ച് ഒരു മാസത്തിനകം പങ്കാളിത്ത പെൻഷനിൽ പുതിയ ജീവനക്കാർ അംഗങ്ങളാകണമെന്നാണ് വ്യവസ്ഥ.
സൂപ്പർ ന്യൂമററിയുടെ കാര്യത്തിൽ നേരത്തേ ഉത്തരവുകൾ നൽകിയ ശേഷവും സമയപരിധിയിൽ ജീവനക്കാർ അംഗങ്ങളാകാത്തത് സർക്കാർ ശ്രദ്ധയിൽപെട്ടിരുന്നു. സമയബന്ധിതമായി പദ്ധതിയിൽ വിഹിതം അടച്ചാലേ ആനുകൂല്യം ലഭ്യമാകൂ. അല്ലെങ്കിൽ ഗണ്യമായ കുറവ് വരും. പദ്ധതിയിൽ അംഗങ്ങളാകാതിരുന്നാൽ സർക്കാർ വിഹിതം അടക്കാനാകില്ലെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.