സെക്രട്ടേറിയറ്റിൽ വാഹനങ്ങൾക്ക് നിയന്ത്രണം; പാർക്കിങ് പാസ്സുള്ളവർക്ക് മാത്രം
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. വിവിധ വകുപ്പുകൾ, ബോർഡുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ മേധാവിമാർക്കും ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്ക് പാസ് നൽകുന്നത് അവസാനിപ്പിച്ചു.
സെക്രട്ടേറിയറ്റിൽനിന്ന് ലഭിക്കുന്ന കത്തിന്‍റെ അടിസ്ഥാനത്തിലും ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡ് അടിസ്ഥാനത്തിലും മാത്രം കടത്തി വിടും. സുരക്ഷയുടെ ഭാഗമായി വാഹന പാസ് നിർബന്ധമാക്കും. പാസുള്ള വാഹനങ്ങൾക്ക് മാത്രമേ പാർക്കിങ് അനുവദിക്കൂ. പാസ് ആവശ്യമുള്ള ജീവനക്കാർ ഉടൻ അപേക്ഷ നൽകണമെന്നും പൊതുഭരണ വകുപ്പ് സർക്കുലറിൽ നിർദേശിച്ചു.
എല്ലാ ഭാഗത്തും ഫയർ എൻജിൻ തടസ്സം കൂടാതെ, എത്താൻ മഞ്ഞവരയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വിലക്കി. അത്തരം വാഹനം റിക്കവറി വാൻ ഉപയോഗിച്ച് നീക്കും. ഉടമക്കും ഡ്രൈവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. പിഴയും ഈടാക്കും. മഞ്ഞവരയിൽ പാർക്ക് ചെയ്തത് കണ്ടാൽ സുരക്ഷ ഉദ്യോഗസ്ഥർ വാഹനം നീക്കം ചെയ്യണം. സെക്രട്ടേറിയറ്റ് വളപ്പിൽ പ്രധാന പാർക്കിങ് ഇടങ്ങളിൽ വകുപ്പുകളുടെ ഉപയോഗശൂന്യ വാഹനങ്ങൾ തുരുമ്പെടുത്ത് കിടുക്കുന്നത് ഉടൻ മാറ്റും.
പാർക്ക് ചെയ്യുന്ന സർക്കാർ വാഹനങ്ങളുടെ ഡ്രൈവർമാർ പരിസരത്ത് ഉണ്ടാകണം. വാഹനം മാറ്റേണ്ട സമയത്ത് ഡ്രൈവർമാർ ഇല്ലെങ്കിൽ റിക്കവറി വാൻ ഉപയോഗിച്ച് നീക്കും. അതിന്‍റെ പേരിലെ നഷ്ടത്തിന് വകുപ്പും ഡ്രൈവറും ഉത്തരവാദിയാകും. മഞ്ഞവര മുറിച്ച് കടന്നോ പാർക്കിങ് വരകൾക്ക് കുറുകെയോ പകുതി പുറത്തായോ അലക്ഷ്യമായി പാർക്ക് ചെയ്യാൻ പാടില്ല. അലക്ഷ്യമായി പാർക്ക് ചെയ്താൽ 1000 രൂപ പിഴ ഇടും. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാഹനങ്ങൾക്കും വകുപ്പ് വാഹനങ്ങൾക്കും ഇതു ബാധകമാണ്.
പാർക്കിങ് സ്ഥലം നിറഞ്ഞാൽ പാസുള്ള വാഹനങ്ങളും അനുവദിക്കില്ല. അവ സെക്രട്ടേറിയറ്റിന് പുറത്തോ സെൻട്രൽ സ്റ്റേഡിയം പാർക്കിങ് ഏരിയയിലേക്കോ തിരിച്ചു വിടും. നിരോധന സ്ഥലത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പാർക്കിങ് നിറഞ്ഞാൽ പാർക്കിങ് ഫുൾ ബോർഡ് വെക്കും. വാഹനങ്ങൾ അടുത്ത വാഹനത്തിന് തടസ്സമായോ അലക്ഷ്യമായോ അസൗകര്യമായോ വഴി തടസ്സപ്പെടുത്തിയോ പാർക്ക് ചെയ്യാൻ പാടില്ല. സെക്രട്ടേറിയറ്റിലെ യോഗങ്ങൾക്കും ചടങ്ങുകൾക്കും വരുന്ന ഉദ്യാഗസ്ഥരെ കൊണ്ടുവരുന്ന വാഹനം, യാത്രക്കാരെ ഇറക്കിയ ശേഷം പുറത്ത് പാർക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.