പിടിമുറുക്കി പൊതുഭരണ വകുപ്പ് ; എതിർപ്പുമായി സംഘടനകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് കീഴിലെ വിവിധ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മേല്‍ പിടിമുറുക്കി മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊതുഭരണ വകുപ്പ്. ജീവനക്കാരുടെ നിയമനവും സ്ഥലമാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള അധികാരങ്ങള്‍ സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍നിന്നു നിയമിച്ച അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍മാര്‍ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കി. വകുപ്പ് മേധാവികള്‍ കാലങ്ങളായി കൈവശംവെച്ചിരുന്ന ചുമതലകളാണിത്. സർക്കാർ ഉത്തരവിനെതിരെ സി.പി.ഐ അനുകൂല സംഘടനയായ ജോയന്റ് കൗൺസിൽ അടക്കം സർവിസ് സംഘടനകൾ രംഗത്തെത്തി. ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളില്‍ അടക്കം നിയന്ത്രണം പൊതുഭരണ വകുപ്പിന്റെ കൈവശമാകുമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
സ്ഥലമാറ്റവും നിയമനവും സ്ഥാനക്കയറ്റവും അടക്കമുള്ളവയുടെ മേല്‍നോട്ടം കൂടാതെ വകുപ്പുകളിലെ ജീവനക്കാരുടെ അച്ചടക്കവുമായി ബന്ധപ്പെട്ട നടപടികളുടെ അധികാരവും പൊതുഭരണ ഉദ്യോഗസ്ഥര്‍ക്കാകും. ജോലി ചെയ്യുന്ന വകുപ്പുകളിലെ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് എല്ലാ ജനുവരി ഒന്നിനകം ഇറക്കുന്നതിന് നടപടി സ്വീകരിക്കുന്നതും സ്ഥാനക്കയറ്റത്തിന് ഡി.പി.സി യോഗങ്ങള്‍ ഡിസംബറിനകം വിളിച്ചുചേര്‍ക്കാനും അവർക്ക് ചുമതലയുണ്ട്. കോടതിയലക്ഷ്യത്തിന് കേസുകള്‍ക്ക് സാഹചര്യമൊരുക്കാതെ ഭരണപരമായ ഫയലുകള്‍ ബന്ധപ്പെട്ട ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി യഥാസമയം കൈകാര്യം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. വകുപ്പുകളിലെ നോണ്‍ ഗെസറ്റഡ് ജീവനക്കാരുടെ വര്‍ഷം തോറുമുള്ള ശമ്പള വര്‍ധന, അവധി, സേവന പുസ്തകം തുടങ്ങിയവയുടെ ചുമതലയും പൊതുഭരണ ഉദ്യോഗസ്ഥനാകും.
28 ചുമതലകളാണ് അഡ്മിനിസട്രേറ്റിവ് ഓഫിസർമാർ അടക്കമുള്ളവർക്ക് നൽകുന്നത്. ഇതെല്ലാം വകുപ്പ് മേധാവികൾക്ക് നഷ്ടമാകും. നിയമനം ലഭിച്ച ജീവനക്കാരുടെ സ്വഭാവ വെരിഫിക്കേഷന്, സ്ഥാനക്കയറ്റം, ഹയർ ഗ്രേഡ് അനുവദിക്കല്‍, നിയമനം സ്ഥിരപ്പെടുത്തല്‍, സീനിയോറിറ്റി എന്നിവയുടെ നിയന്ത്രണവും വകുപ്പ് മേധാവിക്ക് നഷ്ടമാകും. വകുപ്പിലെ വിജിലന്‍സ് മേധാവിയുടെ ചുമതലയും നിബന്ധനകള്‍ക്ക് വിധേയമായി ഇവര്‍ക്കാരും. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണുവാണ് ഉത്തരവിറക്കിയത്. പൊതുഭരണ അഡീഷനല്‍ ചീഫ് സെക്രട്ടറി കണ്‍വീനറായ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചുമതലകൾ അവർക്ക് കൈമാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.