മാനദണ്ഡങ്ങൾ പുതുക്കി; ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിന് കടിഞ്ഞാൺ
text_fieldsതിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിങ്ങിൽ പിടിമുറുക്കി ആരോഗ്യവകുപ്പ്. നിലവില്‍ ഡോക്ടര്‍ താമസിക്കുന്ന സ്ഥലത്ത് മാത്രമാണ് സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുള്ളത്. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ താമസസ്ഥലം വ്യക്തമാക്കുന്നതിന് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നതാണ് പുതിയ നിർദേശം. സ്വകാര്യ പ്രാക്ടീസ് അനുമതി നൽകുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങളിലാണ് കർശന വ്യവസ്ഥ.
മെഡിക്കൽ കോളജുകളിലേതൊഴികെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് ജോലി സമയത്തല്ലാതെ തങ്ങൾ താമസിക്കുന്ന സ്ഥലത്ത് രോഗികളെ ചികിത്സിക്കാൻ നിലവിൽ അനുമതിയുണ്ട്. താമസസ്ഥലത്തല്ലാതെ വാടകക്കെടുത്ത മറ്റ് സ്ഥലങ്ങളില്‍ സ്വകാര്യ പ്രാക്ടീസിന് അനുമതിയില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ ക്ലിനിക്കുകളിലോ സ്വകാര്യ ആശുപത്രികളിലോ നടത്തുന്ന ചികിത്സയും കുറ്റകരമാണ്.
സർക്കാർ ആശുപത്രികൾക്ക് സമീപം മെഡിക്കൽ സ്റ്റോറുകളുടെ സഹായത്തോടെ ബുക്കിങ്ങും കൺസൽട്ടിങ് മുറികളുമടക്കം പാരാ മെഡിക്കൽ സ്റ്റാഫുകളുമടക്കം സമാന്തര ആശുപത്രികളായി സ്വകാര്യ പ്രാക്ടീസിങ് പരിധിവിട്ട സാഹചര്യത്തിലാണ് സർക്കാർ നീക്കം.
ആശുപത്രികളില്‍ കിടത്തി ചികിത്സയിലുള്ള രോഗികളെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലങ്ങളില്‍ വെച്ച് ചികിത്സിക്കുന്നത് നിലവില്‍ കുറ്റകരമാണ്. പിന്നീട് കിടത്തിചികിത്സക്ക് വിധേയമായേക്കാവുന്ന രോഗികളെയും വീടുകളില്‍ കാണരുതെന്നാണ് പുതിയ നിർദേശം. ആശുപത്രികളിലെത്തുന്നവർക്ക് മുൻഗണനയും പരിഗണനയും വേണമെങ്കിൽ ‘റൂമിലെത്തി’ ഡോക്ടറെ കാണണമെന്ന അപ്രഖ്യാപിത വ്യവസ്ഥയാണ് പല താലൂക്കാശുപത്രികളിലും. കിടത്തിചികിത്സ വേണ്ടിവരുന്ന ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ ഇത്തരത്തിൽ മുറികളിലെത്തി കാണലും പതിവാണ്. 200ഉം 300ഉം രൂപയാണ് ഇതിന് ഫീസായി ഈടാക്കുന്നത്.
സ്വകാര്യ പ്രാക്ടീസിങ് അനുവദനീയമായ വീടുകളിൽ അത്യാവശ്യമുള്ള ഏതാനും മെഡിക്കല്‍ ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഇടങ്ങളിൽ നഴ്സുമാരെയോ മറ്റ് മെഡിക്കല്‍ ടെക്നീഷ്യന്മാരെയോ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ജോലി ചെയ്യുന്ന ആശുപത്രിയില്‍ കിടത്തി ചികിത്സയിലുള്ള രോഗികളെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് പരിശോധിക്കുകയോ ചികിത്സിക്കുകയോ ചെയ്യുന്നതിന് നിലവില്‍ വിലക്കുണ്ട്. ഇത്തരം രോഗികളെയോ അവരുടെ ബന്ധുക്കളെയോ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലങ്ങളില്‍ കാണില്ലെന്ന് ഡോക്ടര്‍മാര്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ആശുപത്രിയില്‍ നൽകിയ സേവനത്തിന് ഡോക്ടര്‍മാരുടെ വീട്ടിൽ പോയി ഉപഹാരമോ പണമോ നൽകിയാല് രോഗികൾക്കെതിരെയും നടപടിയുണ്ടാകുമെന്നും മാര്‍ഗരേഖ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.