അഞ്ച് ജില്ലകളിൽ നിയന്ത്രണം വീണ്ടും കടുപ്പിക്കും; നിയന്ത്രണങ്ങളിലും ഇളവുകളിലും തീരുമാനം ഉടൻ
text_fieldsതിരുവനന്തപുരം: കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയർന്നു നിൽക്കുന്ന ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. കഴിഞ്ഞ 15 ദിവസത്തെ കണക്കുകൾ പ്രകാരം അഞ്ച് ജില്ലകളിലാണ് ഗുരുതര സ്ഥിതി തുടരുന്നത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആശങ്ക നിലനിൽക്കുന്നത്. ഇവിടെ ആയിരത്തിന് മുകളിലാണ് ഇപ്പോഴും രോഗികളുടെ എണ്ണം. ഈ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആലോചന. തിങ്കളാഴ്ച ഇതു സംബന്ധിച്ച യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഓണത്തിനുശേഷം രോഗവ്യാപനം രൂക്ഷമാകുമെന്ന ആശങ്ക തന്നെയാണ് ആരോഗ്യവകുപ്പും പങ്കുവെക്കുന്നത്.
സമ്പൂർണ അടച്ചിടൽ പ്രായോഗികമല്ലെന്ന വിലയിരുത്തലിൽ മറ്റുതരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും ആലോചനയുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കും. ഒരേസമയം കടകളിൽ പ്രവേശിക്കുന്നവരുടെ എണ്ണം ക്രമീകരിക്കും. കടകളില്‍ പോകുന്നവർക്കും കടയിലുള്ളവർക്കും യാത്ര ചെയ്യുന്നവർക്കും ഡബ്ള്‍ മാസ്ക്കോ, എന്‍ 95 മാസ്ക്കോ നിർബന്ധമാക്കും. പൊതുയിടങ്ങളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും തിരക്ക് നിയന്ത്രിക്കും. ആഘോഷങ്ങളിലും മറ്റു ചടങ്ങുകളിലും പെങ്കടുക്കുന്നവരുടെ എണ്ണം കൃത്യമായി നിരീക്ഷിക്കും.
ഒപ്പം അടുത്ത ഒരാഴ്ച പരിശോധന രണ്ടുലക്ഷത്തിലേക്കുയർത്തിയും കൂട്ട വാക്സിനേഷൻ നടത്തിയും രോഗസ്ഥിരീകരണ നിരക്ക് വിലയിരുത്തും. രോഗസ്ഥിരീകരണ നിരക്ക് കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസകരമാണ്.
എങ്കിലും രോഗബാധിതരുടെ എണ്ണം ഉയർന്നുനിൽക്കുന്ന ജില്ലകളിൽ െഎ.സി.യു കിടക്കകളിൽ കൂടുതൽ രോഗികളുണ്ടെന്നത് ആശങ്ക കൂട്ടുകയാണ്. അഞ്ച് ശതമാനത്തിലേക്കെങ്കിലും രോഗസ്ഥിരീകരണ നിരക്ക് കുറക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ഞായറാഴ്ച 16.41ആണ് ടി.പി.ആർ. പ്രതിദിനം ശരാശരി 100 പേര്‍വീതം കോവിഡ് ബാധിച്ചുമരിക്കുന്നുമുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 19,494 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.