ചോദ്യപേപ്പർ ആവർത്തനം: സ്ഥാനമൊഴിയാൻ കത്തുനൽകി പരീക്ഷ കൺട്രോളർ
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷകളിലെ ചോദ്യപേപ്പർ ആവർത്തനവുമായി ബന്ധപ്പെട്ട സംഭവത്തിൽ പരീക്ഷ കൺട്രോളർ സ്ഥാനമൊഴിയുന്നു. സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത പരീക്ഷ കൺട്രോളർ പി.ജെ. വിൻസെന്‍റ്, ഡെപ്യൂട്ടേഷൻ ഒഴിവാക്കി നൽകണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കത്ത് നൽകി.
ചേദ്യപേപ്പർ ആവർത്തനമടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷ കൺട്രോളർ പത്തുദിവസമായി അവധിയിലായിരുന്നു. അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചതിനെ തുടർന്നാണ്, ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്നും സർക്കാർ സർവിസിലേക്ക് തിരിച്ചുപോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വി.സിക്ക് കത്ത് നൽകിയത്. കത്ത് വി.സി അംഗീകരിച്ചു.
ചൊക്ലിയിലെ തലശ്ശേരി ഗവ. കോളജിൽ സ്പെഷൽ ഓഫിസറായിരുന്ന വിൻസെന്‍റ് ഡെപ്യൂട്ടേഷനിലാണ് കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളറായി ചുമതലയേറ്റത്.
ഈ വർഷത്തെ മൂന്നാം സെമസ്റ്റർ ബിരുദ സൈക്കോളജി, ബി.എസ്സി ന്യൂറോ ബയോളജിക്കൽ പേഴ്സ്പെക്ടിവ് പരീക്ഷകളിൽ കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചു. തുടർന്ന് രണ്ട് പരീക്ഷകൾ സർവകലാശാല റദ്ദാക്കുകയായിരുന്നു. ഇതിനു പിന്നാലെ ബോട്ടണി ബിരുദ മൂന്നാം സെമസ്റ്റർ പരീക്ഷയിലും കഴിഞ്ഞ വർഷത്തെ മിക്ക ചോദ്യങ്ങളും ആവർത്തിച്ചു.
ഇതേത്തുടർന്ന് വി.സിയുടെ ഉത്തരവ് പ്രകാരം രണ്ടംഗ സമിതി അന്വേഷണം നടത്തി, പരീക്ഷ കൺട്രോളറടക്കം മൂന്ന് അധ്യാപകർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കൺട്രോളർ അവധിയിൽ പ്രവേശിച്ചതും ഇപ്പോൾ ഡെപ്യൂട്ടേഷൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.