പൊതുമരാമത്ത് വകുപ്പ് ഭരണവിഭാഗം ചീഫ് എൻജിനീയറുടെ വിവാദ സർക്കുലർ റദ്ദാക്കി
text_fieldsതിരുവനന്തപുരം: ഉദ്യോഗസ്ഥർ നിവേദനങ്ങളും പരാതിയും വകുപ്പ്മന്ത്രിക്ക് നേരിട്ട് നൽകരുതെന്ന് കാട്ടി പൊതുമരാമത്ത് വകുപ്പ് ഭരണവിഭാഗം ചീഫ് എൻജിനീയർ പുറത്തിറക്കിയ സർക്കുലർ മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് റദ്ദാക്കി. വകുപ്പ് മന്ത്രിയറിയാതെ, ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന ഉത്തരവിറക്കിയതിൽ ഭരണവിഭാഗം ചീഫ് എൻജിനീയറിൽനിന്ന് വിശദീകരണം തേടാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് മന്ത്രിയെ നേരിട്ട് സമീപിക്കുന്നതിന് പകരം മേലുദ്യോഗസ്ഥർ വഴി അപേക്ഷിക്കണമെന്ന 2017ലെ ഉത്തരവിൽ ഭേദഗതിവരുത്തിയാണ് ചീഫ് എൻജിനീയർ സർക്കുലർ ഇറക്കിയത്. ഇത് വിവാദമായതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
പൊതുമരാമത്ത് ഉദ്യോഗസ്ഥർ റോഡുകളുടെ അവസ്ഥ ഓരോ മാസവും പരിശോധിച്ച് ഫോട്ടോ സഹിതം റിപ്പോർട്ട് നൽകാൻ നടപടിയായി. അടുത്തവർഷം ആദ്യം ഇത് ആരംഭിക്കും. ഒരു അസി.എക്സിക്യൂട്ടിവ് എൻജീനിയറുടെ പരിധിയിൽ 500 കിലോമീറ്റർ റോഡാണ് വരുന്നത്. ഇത് പരിശോധിച്ചാണ് ഫോട്ടോ സഹിതം റിപ്പോർട്ട് നൽകേണ്ടത്. റിപ്പോർട്ട് ചീഫ് എൻജിനീയർക്കും മന്ത്രിയുടെ ഓഫിസിലും പരിശോധിക്കാം. റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാൻ പ്രത്യേക ടീം വരും. വകുപ്പിെൻറ സ്ഥലം കൈയേറി പരസ്യ ബോർഡുകളും മറ്റും സ്ഥാപിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അത് ലഭിച്ചശേഷം റോഡുകളിലെ കൊടിമരം നീക്കുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കും. കഴിഞ്ഞമാസം ഒന്നിന് ആരംഭിച്ച െറസ്റ്റ് ഹൗസുകളുടെ ഒാൺലൈൻ ബുക്കിങ് വഴി 27.84 ലക്ഷംരൂപ വകുപ്പിന് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.