പള്ളികളിലെ വിവാദ സർക്കുലർ; മയ്യിൽ എസ്.എച്ച്.ഒയെ സ്ഥലംമാറ്റി
text_fieldsകണ്ണൂർ: പ്രവാചക നിന്ദക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലം ചൂണ്ടിക്കാട്ടി മുസ്ലിം പള്ളികളിലെ ജുമുഅ പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ ഇറക്കിയ മയ്യിൽ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ സ്ഥലംമാറ്റി. എസ്.എച്ച്.ഒ ബിജു പ്രകാശിനെ തലശ്ശേരി കോസ്റ്റൽ പൊലീസിലേക്കാണ് സ്ഥലംമാറ്റിയത്. എസ്.എച്ച്.ഒയെ ചുമതലയിൽ നിന്ന് മാറ്റി ഡി.ജി.പി നേരത്തെ ഉത്തരവിറക്കിയിരുന്നു.
'പ്രവാചക നിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം നടത്തിവരുന്ന മതപ്രഭാഷണത്തിൽ സാമുദായിക സൗഹാർദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ പ്രഭാഷണം നടത്താൻ പാടില്ല' എന്ന് കാട്ടിയായിരുന്നു സർക്കുലർ.
പൊലീസ് നൽകിയ നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷസർക്കാരിന്‍റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. സർക്കാർ നയം മനസിലാക്കാതെ തെറ്റായ നോട്ടീസാണ് എസ്.എച്ച്.ഒ നൽകിയത്. നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.
രാജ്യത്ത് വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിതെന്നും ഈ സാഹചര്യത്തിൽ വിശ്വാസികളും മതസ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചിരുന്നു.
ജുമുഅ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നുവെന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽപെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള വാർത്താകുറിപ്പിൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.