വിവാദമായി ഭക്ഷ്യവിഭവ സമാഹരണം: വിദ്യാർഥികളിൽനിന്ന് വിഭവ സമാഹരണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.ഡി.ഇ
text_fieldsപേരാമ്പ്ര: പേരാമ്പ്രയിൽ നടക്കുന്ന റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിനായി നിർബന്ധിത ഭക്ഷ്യവിഭവ സമാഹരണം വിവാദമായി. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപിക സി. റോസിലി രക്ഷിതാക്കൾക്ക് അയച്ച കത്താണ് വിവാദമായത്. ഭക്ഷ്യവിഭവ സമാഹരണത്തിന്റെ ഭാഗമായി ഓരോ സ്കൂളിനും ഓരോ ഇനങ്ങൾ നൽകിയിരിക്കുകയാണെന്നും നമ്മുടെ സ്കൂളിൽനിന്ന് ഓരോ കുട്ടിയും ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിൽനിന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പ്രധാനാധ്യാപികയുടെ കത്തിൽ പറയുന്നു.
കത്ത് പുറത്തുവന്നതോടെ കെ.എസ്.യു ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നു. കലോത്സവം വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളിൽനിന്ന് വിഭവസമാഹരണത്തിന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. കലോത്സവത്തിന്റെ ഭക്ഷ്യവിഭവ സമാഹരണവുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് ഒരു നിർദേശവും നൽകിയിട്ടില്ല.
കലോത്സവത്തിന് സർക്കാർ ഫണ്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് വിഭവ സമാഹരണം നടത്താൻ തീരുമാനിച്ചതെന്നും കത്തിൽ വിദ്യാഭ്യാസ വകുപ്പെന്ന് തെറ്റായി എഴുതിപ്പോയതാണെന്നും പ്രധാനാധ്യാപിക റോസിലി അറിയിച്ചു.
പ്രധാനാധ്യാപികക്കെതിരെ നടപടിക്ക് നിർദേശം
പേരാമ്പ്ര: പേരാമ്പ്രയിലെ റവന്യൂ ജില്ല കലാമേളയുടെ പേരിൽ കുട്ടികളിൽനിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയ്ഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്ക് നിർദേശം നൽകി. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അൺ എയ്ഡഡ് സ്ഥാപനമായതിനാൽ സർക്കാറിന് നേരിട്ട് നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മാനേജർക്ക് നിർദേശം നൽകിയത്. ഇത്തരത്തിൽ പണം പിരിക്കാൻ ഒരു നിർദേശവും പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടില്ല. എന്നാൽ, സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം എച്ച്.എസിലെ ഹെഡ്മിസ്ട്രസ് സി. റോസിലി സ്വമേധയാ സർക്കുലർ ഇറക്കുകയായിരുന്നു. ഈ സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു ബന്ധവുമില്ല. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരമാണ് പിരിവ് എന്നും ഹെഡ്മിസ്ട്രസിന്റെ സർക്കുലറിലുണ്ട്.
ഇത് വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നതും തെറ്റിദ്ധാരണജനകവുമാണ്. ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നതെന്നും ഇതിനെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കൃത്യമായ നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് ലഭിക്കാതെ സ്കൂൾതലത്തിൽ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാൻ സ്കൂളുകൾ തയാറാകരുത്. വിദ്യാർഥികളിൽനിന്ന് അനാവശ്യ ഫണ്ട് ശേഖരണം പാടില്ലെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.