അട്ടപ്പാടി ചീരക്കടവിലെ വിവാദ കൈയേറ്റം: ആദിവാസി ഭൂമിയെന്ന് വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്
text_fieldsകോഴിക്കോട് : അട്ടപ്പാടി ചീരക്കടവിലെ വിവാദ കൈയേറ്റത്തിൽ ആദിവാസി ഭൂമിയെന്ന് വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്. പാടവയൽ വില്ലേജ് ഓഫിസറാണ് ചീരക്കടവിലെ ഭൂരേഖകൾ പരിശോധിച്ച് അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസർക്ക് റിപ്പോർട്ട് നൽകിയത്.
ചീരക്കടവിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച മാധ്യമം ഓൺ ലൈൻ വാർത്തയെ തുർന്നാണ് കെ.കെ. രമ എം.എൽ.എ ചീരക്കടവിലെ ആദിവാസി ഊര് സന്ദർശിക്കുകയും പരാതി നൽകുകകയും ചെയ്തത്. നിയമസഭയിൽ എം.എൽ.എ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് സബ് മിഷനും അവതരിപ്പിച്ചു.
ആദിവാസികളായ മണിയമ്മ, നഞ്ചി എന്നിവരുടെ പാടവയൽ വില്ലേജിലെ സർവേ 750/1 ൽ ഉൾപ്പെട്ട പാരമ്പര്യ ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നായിരുന്നു പരാതി. വില്ലേജിലെ സർവേ 750/1ലെ 2.47 ഏക്കർ (1.05 ഹെക്ടർ) ഭൂമി എ ആൻഡ് ബി രജിസ്റ്റർ പ്രകാരമുള്ള തണ്ടപ്പേർ കക്ഷിയായ ആദിവാസി ഗാത്ത മൂപ്പന്റേതാണ്. മൂപ്പന്റെ അവകാശികളും ആധാര കക്ഷിയായ കൃഷ്ണസ്വാമിയുടെ അവകാശികളും തമ്മിൽ വസ്തുവിന്റെ ഉടമസ്ഥത സംബന്ധിച്ച് വർഷങ്ങളായി അവകാശ തർക്കം നിലനിൽക്കുന്നു. ഇത് കോടതികളുടെ പരിഗണനയിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ഗാത്ത മൂപ്പന്റെ ഭൂമി പട്ടയ കക്ഷിയായ സുബ്ബയ്യ കൗണ്ടരുടെ പേരിൽ കൈമാറി ലഭിച്ചുവെന്നതിന് രേഖ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, സുബ്ബയ്യ കൗണ്ടരും സഹോദരനും കൂടി കൃഷ്ണ സ്വാമിക്ക് എഴുതിക്കൊടുത്ത 1979 ലെ ആധാരമുണ്ട്. എന്നാൽ ആദിവാസി ഭൂമി കൈമാറിയതിന് തെളിവില്ല. വസ്തു പാട്ടാവകാശമായി കൈവശം വെച്ചിരുന്ന സമയത്ത് സർക്കാരിൽനിന്നും സർവേ ചെയ്ത് കൈവശക്കാരെന്ന നിലക്ക് സുബ്ബയ്യ കൗണ്ടറുടെ പേരിൽ ചേർത്തത് ആകാമെന്നും അതുവഴി ക്രയസർട്ടിഫിക്കറ്റ് ലഭിച്ചതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ വില്ലേജ് ഓഫിസർ ചൂണ്ടിക്കാട്ടി.
ഈ വസ്തുവിന്റെ കിഴക്ക് അതിരിൽ മണ്ണാർക്കാട് എസ്.ആർ.ഒ യിലെ 1974 ആധാരം (ആധാരത്തിൽ പ്രിലി.സ.750/1 എന്നു രേഖപ്പെടുത്തിയിരിക്കുന്നു) പരിശോധിച്ചതിൽ ഈ വസ്തു ഗാത്ത മൂപ്പന്റെ അവകാശികളായ കാളി കൈമാറ്റം ചെയ്തതാണ്. അതിന്റെ കിഴക്ക് കരിയൻ മൂപ്പൻ കൈവശ ഭൂമിയാണ്. തെക്ക് വിനായകൻ കോവിലാണ്. പടിഞ്ഞാറ് കക്കിയുടെ കൈവശമാണ്. വടക്ക് ചീരക്കടവ് ഊര് നാലതിരായി വരുന്നുവെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.
ഈ വസ്തുക്കളുടെ വടക്ക് കിഴക്ക് ഭാഗത്ത് ചീരക്കടവ് ഊരും സ്ഥിതി ചെയ്യുന്നു. അനുബന്ധ രേഖകളുടെ പകർപ്പുകൾ സഹിതമാണ് റിപ്പോർട്ട് നൽകിയത്. വ്യാജരേക ചമച്ച് ഭൂമി തട്ടെയുത്തുവെന്ന ആദിവാസികളുടെ പരാതിയിന്മേലാണ് അന്വേഷണം നടത്തിയത്. ഹൈകോടതിയുടെ ഉത്തരവിന്റെ പിൻബലത്തിൽ പൊലീസ് സഹായത്തോടെയാണ് ഭൂമി പിടിച്ചെടുത്തത്. സംഭവം മാധ്യമം ഓൺലൈൻ വീഡിയോ സഹിതം വാർത്ത നൽകിയിരുന്നു. ആദിവാസികൾ എതിർത്തില്ലായിരുന്നുവെങ്കിൽ ഭൂമി നഷ്ടപ്പെടുമായിരുന്നു. എതിർത്ത ആദിവാസി സ്ത്രീക്കെതിരെ കേസും എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.