വിവാദ കൈപ്പുസ്തകം; നിർവ്യാജം ഖേദിക്കുന്നതായി താമരശ്ശേരി രൂപത, 'സൗഹാർദം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം'
text_fieldsകോഴിക്കോട്: വിവാദ കൈപ്പുസ്തകത്തിൽ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത. കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായി രൂപത വ്യക്തമാക്കി. ഏതെങ്കിലും മത വിഭാഗത്തോടുള്ള എതിർപ്പുകൊണ്ടല്ല കൈപ്പുസ്തകം ഇറക്കിയത്. ക്രിസ്ത്യൻ യുവാക്കളെ വിശ്വാസത്തിൽ നിർത്താനായിരുന്നു കൈപ്പുസ്തകം. പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് താമരശ്ശേരി രൂപത മതബോധനകേന്ദ്രം ഡയറക്ടർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
രൂപതയ്ക്ക് ഏതെങ്കിലും വിശ്വാസത്തോടോ മതത്തോടോ വിവേചനമോ അസഹിഷ്ണുതയോ ഇല്ല. വിശ്വാസസംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ക്രൈസ്തവ യുവജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിനും മതബോധന വിദ്യാർഥികളുടെ സംശയ നിവാരണത്തിനായി ഇറക്കിയതാണ് പുസ്തകമെന്ന് കുറിപ്പിൽ പറയുന്നു. മതസൗഹാർദത്തിനെതിരെയുള്ള എല്ലാ തെറ്റായ പ്രബോധനങ്ങൾക്കെതിരെയും ജാഗ്രത പുലർത്തണമെന്നും സമുദായ സൗഹാർദം തകർക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുക്കണമെന്നും സൗഹാർദം വളർത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും മതബോധനകേന്ദ്രം ഡയറക്ടർ ഫാ. ജോൺ പള്ളിക്കാവയലിൽ അഭ്യർഥിച്ചു.
ഇടവകകളില്‍ വിതരണം ചെയ്യാനായി താമരശ്ശേരി രൂപതാ വിശ്വാസ പരിശീലന കേന്ദ്രം തയാറാക്കിയ 'സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ' എന്ന കൈപുസ്തകത്തിലാണ് വിവാദ പരാമർശങ്ങള്‍ ഇടം പിടിച്ചത്. മതവ്യാപനം ലക്ഷ്യമാക്കി തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാർഗമാണ് ലവ് ജിഹാദെന്ന് പ്രണയക്കുരുക്കെന്ന് പേരിട്ട നാലാംഭാഗത്തില്‍ പറയുന്നു. മുസ്‍ലിം യുവാക്കള്‍ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുന്നതും ആഘോഷവേളകളില്‍ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലവ് ജിഹാദിന്‍റെ വിവിധ ഘട്ടങ്ങളായി കൈപ്പുസ്തകം പരിയചയപ്പെടുത്തുന്നു.
പെണ്‍കുട്ടികളെ വശീകരിക്കാനായി മുസ്‍ലിം പുരോഹിതന്മാർ ആഭിചാരം നടത്തുന്നതായി പുസ്തകം ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മുടിയോ തൂവാലയോ മറ്റെന്തെങ്കിലും വസ്തുക്കളോയാണ് ഇതിനായി ഉപയോഗിക്കുന്നത്. മുസ്‍ലിം ആണ്‍കുട്ടികള്‍ നല്‍കുന്ന ഭക്ഷണം, സമ്മാനം, സാധാരണ സ്പർശനം പോലും വശീകരണത്തിന് കാരണമാകാമെന്നും മുന്നറിയിപ്പ് നല്‍കി. ബന്ധന പ്രാർഥന വഴി ഈ വശീകരണത്തില്‍ നിന്ന് രക്ഷതേടാമെന്നും കൈപ്പുസ്തകം പറയുന്നു. പുസ്തകത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.