വിവാദ അഭിമുഖം: മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹരജി
text_fieldsകൊച്ചി: 'ദി ഹിന്ദു' ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. മുഖ്യമന്ത്രിയെ കൂടാതെ അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിനും ലേഖികക്കും എതിരെ കേസെടുക്കണമെന്നാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നത്. അഭിഭാഷകനായ എം. ബൈജു നോയൽ ആണ് പരാതിക്കാരൻ.
എറണാകുളം സെൻട്രൽ പൊലീസിനെയും സിറ്റി പൊലീസ് കമീഷണറെയും സമീപിച്ചിട്ടും പരാതിയിൽ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ പ്രേരിപ്പിക്കുന്നതാണ് അഭിമുഖത്തിലെ പരാമർശങ്ങളെന്നാണ് ഹരജിക്കാരൻ പറയുന്നത്.
പത്രത്തിൽ വന്ന അഭിമുഖത്തിലെ പരാമർശങ്ങൾ വിവിധ മത, ജാതി വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നതാണെന്നും ഭാരതീയ ന്യായ സംഹിതയിലെ 196, 3(5) വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
സ്വർണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ അഭിമുഖമാണ് ‘ദ ഹിന്ദു’ ദിനപത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ച കൈസൻ എന്ന പി.ആർ ഏജൻസിയാണ് പ്രസ്തുത പരാമർശം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചതെന്ന് ‘ദ ഹിന്ദു’ പത്രം വിശദീകരണത്തിൽ വ്യക്തമാക്കി.
അഭിമുഖത്തിലെ വിവാദ പരാമർശം ഇങ്ങനെ:
‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ രഹസ്യമായി കണ്ടത് സംബന്ധിച്ച ചോദ്യത്തിനാണ് മലപ്പുറത്തിനെതിരായ വിവാദ പരാമർശം നടത്തിയത്. ‘‘നാളുകളായി യു.ഡി.എഫിനൊപ്പം നിന്ന ന്യൂനപക്ഷം ഇപ്പോൾ എൽ.ഡി.എഫിനെ പിന്തുണക്കുന്നുണ്ട്. അത് യു.ഡി.എഫിന് നഷ്ടമുണ്ടാക്കുമെന്ന് മനസ്സിലാക്കി, ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനായി ആർ.എസ്.എസിനെതിരെ, സി.പി.എം മൃദുസമീപനം സ്വീകരിക്കുന്നെന്ന് വരുത്തിതീർക്കുകയാണ് ചെയ്യുന്നത്.
അതിന് കൂട്ടുനിന്ന് വർഗീയ വിഭജനം നടത്താൻവേണ്ടി ചില തീവ്രവാദ പ്രസ്ഥാനങ്ങളും പണിയെടുക്കുന്നു. മുസ്ലിം തീവ്രവാദ ശക്തികൾക്കെതിരെ ഞങ്ങളുടെ സർക്കാർ നീങ്ങുമ്പോൾ ഞങ്ങൾ മുസ്ലിംകൾക്ക് എതിരാണ് എന്ന് വരുത്താൻ അവർ ശ്രമിക്കുകയാണ്. ഉദാഹരണത്തിന്, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, മലപ്പുറം ജില്ലയിൽനിന്ന് കേരള പൊലീസ് 150 കിലോ സ്വർണവും 123 കോടിയുടെ ഹവാലപ്പണവും പിടികൂടിയിട്ടുണ്ട്.
ഈ പണമത്രയും കേരളത്തിലേക്ക് വരുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ്. ആർ.എസ്.എസിനോട് സി.പി.എമ്മിന് മൃദുസമീപനം എന്നത് സ്വർണവും ഹവാലയും പിടികൂടിയ ഞങ്ങളുടെ സർക്കാറിനെതിരായ പ്രതികരണം മാത്രമാണ്.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.