മെംബർക്കെതിരായ വിവാദ പ്രമേയം; മാവൂർ പഞ്ചായത്ത് സെക്രട്ടറിക്കും അംഗങ്ങൾക്കും രണ്ടാഴ്ച നിർബന്ധ പരിശീലനം
text_fieldsമാവൂർ (കോഴിക്കോട്): ഭരണസമിതി യോഗത്തിൽ എൽ.ഡി.എഫ് അംഗത്തിനെതിരെ പ്രമേയം അവതരിപ്പിച്ചതിനും വോട്ട് ചെയ്തതിനും മാവൂർ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾക്ക് രണ്ടാഴ്ച നിർബന്ധ പരിശീലനം. പഞ്ചായത്തീരാജ് നിയമത്തെയും യോഗ നടപടികളെയും കുറിച്ച് രണ്ടാഴ്ച തൃശൂർ കിലയിൽ പരിശീലനം നേടാനാണ് നിർദേശം.
ചട്ടത്തിനും നിയമത്തിനും വിരുദ്ധമായി പ്രമേയം അവതരിപ്പിച്ചതിന് ഓംബുഡ്സ്മാൻ ഉത്തരവുപ്രകാരമാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടും പ്രസിഡൻറും വൈസ് പ്രസിഡൻറും രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരുമടക്കം 10 യു.ഡി.എഫ് മെംബർമാരോടും പരിശീലനത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടത്.
ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ജൂൺ 16ന് നൽകിയ ഉത്തരവ് പ്രകാരമാണ് നടപടി. ആഗസ്റ്റ് 29 മുതൽ രണ്ടാഴ്ച പരിശീലനത്തിന് തിങ്കളാഴ്ച രാവിലെ 10.30ന് എത്തണമെന്നാവശ്യപ്പെട്ട് കിലയിൽനിന്ന് പ്രസിഡന്റിന് കഴിഞ്ഞ ദിവസം കത്ത് നൽകി.
2021 നവംബർ 27ന് ഭരണസമിതി യോഗത്തിലാണ് പതിനഞ്ചാം വാർഡ് അംഗം എൽ.ഡി.എഫിലെ കെ. ഉണ്ണികൃഷ്ണനെതിരെ വിവാദപ്രമേയം അവതരിപ്പിച്ചത്. 2021 നവംബർ അഞ്ചിന് പതിനഞ്ചാം വാർഡിൽപെട്ട കൽപ്പള്ളി കടവിൽ മാവൂർ പൊലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് അനധികൃത മണൽ തോണികൾ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് വിഷയങ്ങളുടെ തുടക്കം.
പഞ്ചായത്ത് അധികൃതരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും കൂടെ നിലയുറപ്പിച്ച് ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്യേണ്ട മെംബർ ഉണ്ണികൃഷ്ണൻ, അധികൃതർ പിടിച്ചെടുത്ത മണൽ തോണി പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് മാഫിയയോടൊപ്പം നിന്ന് ഭീഷണിപ്പെടുത്തുകയും തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന് ആരോപിച്ചും ഇതിൽ പ്രതിഷേധിച്ചുമായിരുന്നു പ്രമേയം. ഇതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയെങ്കിലും പ്രമേയം വോട്ടിനിട്ട് പാസാക്കി.
പ്രമേയം ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണികൃഷ്ണൻ ഓംബുഡ്സ്മാനെ സമീപിച്ചതിനെ തുടർന്ന് വിശദ പരിശോധനക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിൽ ഓംബുഡ്സ്മാൻ പ്രമേയം റദ്ദാക്കി. അതോടൊപ്പം കിലയിൽ രണ്ടാഴ്ചത്തെ പരിശീലനം നൽകി റിപ്പോർട്ട് ചെയ്യണമെന്നും വിധിച്ചു.
ഇതനുസരിച്ചാണ് തിങ്കളാഴ്ച മുതൽ പരിശീലനം നൽകുന്നത്. അതേസമയം, പ്രമേയം റദ്ദാക്കിയ ഓംബുഡ്സ്മാൻ വിധിക്കെതിരെ ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇതിന്റെ നടപടിക്രമങ്ങൾ നടക്കുന്നതിനാലും മറ്റ് അത്യാവശ്യങ്ങളുള്ളതിനാലും പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കിലക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്ത് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.