ശാസ്ത്രജ്ഞർ ദുരന്തഭൂമി സന്ദർശിക്കരുതെന്ന വിവാദ ഉത്തരവ് പിൻവലിക്കും; അത്തരം നയം സർക്കാറിനില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ഉരുൾ ബാധിത ഭൂമി സന്ദർശിക്കരുതെന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിർദേശം നൽകിയതായ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അത്തരം ഒരു നയം സംസ്ഥാന സർക്കാറിന് ഇല്ല. അങ്ങനെ തോന്നിപ്പിക്കുംവിധം ആശയവിനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പിൻവലിക്കാൻ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിയോട് നിർദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുത് എന്നാണ് നിര്‍ദേശം നൽകിയിരുന്നത്. സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്.
സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ ഫീല്‍ഡ് വിസിറ്റിനോ പോകരുതെന്നാണ് സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ. കെ.പി. സുധീറിന് അയച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ശാസ്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധരും മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കുകയോ മുന്‍പഠനങ്ങളുടെ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.
ദുരന്തബാധിത മേഖലയിൽ പഠനം നടത്തണമെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും ഉത്തരവുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സ്ഥാപനങ്ങൾ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.