വിവാദ ഉത്തരവിറക്കി, പിൻവലിച്ചു; ഉന്നതന് രാഷ്ട്രീയ സംരക്ഷണം
text_fieldsതിരുവനന്തപുരം: വിവാദ മരംമുറിയിൽ ബഹുമുഖ അന്വേഷണം നടക്കുേമ്പാഴും കോടികളുടെ മരംകൊള്ളക്ക് ഇടയാക്കിയ ഉത്തരവിറക്കിയ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് രാഷ്ട്രീയ സംരക്ഷണം. ഉത്തരവിൽ രാഷ്ട്രീയ, നയപരമായ വീഴ്ച ഉണ്ടായില്ലെന്ന നിലപാടിലാണ് ഉത്തരവിറക്കുന്നതിൽ തുല്യപങ്ക് വഹിച്ച സി.പി.െഎയും സി.പി.എമ്മും. മന്ത്രിമാർമുതൽ വിവാദ ഉത്തരവിറക്കിയ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിവരെയുള്ളവരെ സംരക്ഷിച്ചാണ് മുട്ടിൽ മരംമുറിയിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്.
1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ ചന്ദനമൊഴികെ മരങ്ങൾ മുറിക്കാമെന്ന ഉത്തരവ് 2020 ഒക്ടോബർ 24 ന് പുറത്തിറക്കിയത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് ആയിരുന്നു. ഒടുവിൽ നാലുമാസം നീണ്ട മരംകൊള്ള പുറത്തറിഞ്ഞപ്പോൾ സർക്കാറിെൻറ മുഖം രക്ഷിക്കാൻ 2021 ഫെബ്രുവരി രണ്ടിന് ഉത്തരവ് പിൻവലിച്ചതും ജയതിലക് തന്നെ. മാധ്യമവാർത്തകളെതുടർന്ന് നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചതോടെ വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെ കോർത്തിണക്കിയുള്ള ഉന്നതതല അന്വേഷണം മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു.
എന്നാൽ, ഉത്തരവിറക്കുക മാത്രമല്ല, പല ജില്ലയിലും കലക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കുമേൽ വിവാദ ഉത്തരവ് നടപ്പാക്കാൻ സമ്മർദശക്തിയായി നിലകൊണ്ടെന്ന് ആരോപണവിധേയനായ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി തൽസ്ഥാനത്ത് തുടരുന്നത് അന്വേഷണത്തിെൻറ അന്തസ്സത്തയെതന്നെ ചോദ്യം ചെയ്യുന്നതായി മാറി. മരം മുറിക്കുന്നത് തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന വിചിത്ര നിർദേശം കൂടി ഉൾപ്പെടുത്തിയതും ജയതിലകാണ്. അതിെൻറ മറവിലാണ് തടി ലോബി വനം വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കോടികൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുമാറ്റിയത്.
ഭരണസിരാകേന്ദ്രത്തിൽനിന്നുള്ള ഇൗ ഉന്നത ഉദ്യോഗസ്ഥെൻറ നിഴലായിരുന്നു കലക്ടർമുതൽ കീഴുദ്യോഗസ്ഥർക്കുവരെ മുകളിലുണ്ടായിരുന്നതെന്ന ആക്ഷേപം പരിസ്ഥിതി പ്രവർത്തകർക്കുണ്ട്. ഇൗ നിലയിൽ അന്വേഷണം നടന്നാൽ സത്യം ഒരിക്കലും പുറത്തുവരില്ലെന്ന ആരോപണവുമുണ്ട്. രാഷ്ട്രീയനേതൃത്വത്തിെൻറ ചട്ടുകമായി പ്രവർത്തിച്ചവരെ സംരക്ഷിച്ച് പ്രഹസനമാകുമോ അന്വേഷണമെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.