വിവാദമായ ‘കക്കുകളി’ നാടകാവതരണം നിർത്തി
text_fieldsആലപ്പുഴ: വിവാദമായ ‘കക്കുകളി’ നാടകാവതരണം തൽക്കാലം നിർത്തുന്നതായി പുന്നപ്ര പറവൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡോ. എസ്. അജയകുമാറും സെക്രട്ടറി കെ.വി. രാഗേഷും വാർത്തക്കുറിപ്പിൽ അറിയിച്ചു. ലൈബ്രറിയുടെ 75 ാം വാർഷിക ഭാഗമായി കേരള സംഗീത നാടക അക്കാദമിയുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ നാടകം ഒരു വർഷമായി വിവിധ വേദികളിൽ അവതരിപ്പിച്ചു വരുകയാണ്. കഥാകൃത്ത് ഫ്രാൻസിസ് നൊറോണയുടെ കെ.സി.ബി.സി പുരസ്കാരം നേടിയ ‘തൊട്ടപ്പൻ’ എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണ് ‘കക്കുകളി’. ഏറെ ശ്രദ്ധയിൽപെട്ട കഥയുടെ നാടകാവിഷ്കാരമാണ് നെയ്തൽ നാടകസംഘം അവതരിപ്പിച്ചുവന്നത്. ഏതെങ്കിലും ഒരു ജനസമൂഹത്തെ വേദനിപ്പിക്കാനോ നിന്ദിക്കാനോ ലൈബ്രറി ശ്രമിച്ചിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
എന്നാൽ, നാടകം സംബന്ധിച്ച് ചില ആരോപണങ്ങളും പ്രതിഷേധങ്ങളും കോടതി നടപടിയുമൊക്കെ നേരിടേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടായത്. ഒരു സാഹിത്യസൃഷ്ടിയുടെ ആവിഷ്കാരമെന്ന നിലയിൽ അവതരിപ്പിച്ചുവരുന്ന നാടകത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമായി ചില തൽപരകക്ഷികൾ ഉപയോഗിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. ഈ സാഹചര്യത്തിലാണ് നാടക അവതരണം തൽക്കാലം നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.