മലപ്പുറത്തെക്കുറിച്ച് മയത്തിൽ വിശദീകരിച്ച് മുഖ്യമന്ത്രി
text_fieldsമലപ്പുറം: മലപ്പുറത്തിനെതിരായ വിവാദ പരാമർശത്തിൽനിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ വിശദീകരണ കാമ്പയിൻ. കഴിഞ്ഞ രണ്ടു ദിവസമായി മുഖ്യമന്ത്രി മലപ്പുറം പരാമർശത്തിന് വിശദീകരണം നൽകുകയാണ്. മലപ്പുറത്താണ് കേസുകൾ കൂടുതലെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ലെന്നാണ് ശനിയാഴ്ച കോഴിക്കോട്ട് പറഞ്ഞത്. കഴിഞ്ഞ ദിവസം ചേലക്കരയിലും മലപ്പുറം പരാമർശത്തിന് പിണറായി വിജയൻ വിശദീകരണം നൽകിയിരുന്നു.
കരിപ്പൂർ വിമാനത്താവളം വഴി അഞ്ചു വർഷത്തിനിടെ 150 കിലോ സ്വർണവും 123 കോടി ഹവാലപ്പണവും പിടികൂടിയെന്നും ഈ പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി നടത്തിയ പരാമർശമാണ് വിവാദമായിരുന്നത്. ഇതര ജില്ലക്കാരുൾപ്പെടെ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടുന്ന സ്വർണം മലപ്പുറം ജില്ലയുടെ കുറ്റകൃത്യക്കണക്കിൽ പെടുത്തിയതും മലപ്പുറത്തെ ഹവാലപ്പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതും രാഷ്ട്രീയവിവാദങ്ങൾക്ക് ഇടയാക്കി. സ്വർണക്കടത്തിൽ പൊലീസിന്റെ പങ്കിനെക്കുറിച്ച് പി.വി. അൻവർ എം.എൽ.എ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ അൻവറിനെതിരായ മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിലും സ്വർണക്കടത്തും ഹവാലപ്പണവും രാജ്യദ്രോഹപ്രവർത്തനവും സൂചിപ്പിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ രണ്ടു ദിവസവും മുഖ്യമന്ത്രി ഈ വിവാദത്തെ മയപ്പെടുത്തി വഴിതിരിച്ചുവിടുകയാണ്. മലപ്പുറത്ത് കൂടുതൽ കേസ് ഉണ്ടെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല, ശരിയല്ലാത്തത് പറഞ്ഞ് മലപ്പുറത്തെ അപകീർത്തിപ്പെടുത്തുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നത് എന്നാണ് അദ്ദേഹം ശനിയാഴ്ച കോഴിക്കോട്ട് പറഞ്ഞത്.
കഴിഞ്ഞ ദിവസം ചേലക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴും മുഖ്യമന്ത്രി ഈ വിഷയം വിശദീകരിച്ചിരുന്നു. മലപ്പുറത്തെ കേസുകളെക്കുറിച്ച് പറയുമ്പോൾ എന്തിനാണ് പൊള്ളുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
പി.വി. അൻവർ എം.എൽ.എ മുൻ മലപ്പുറം എസ്.പി സുജിത്ദാസിനെതിരെ നടത്തിയ വിമർശനങ്ങളും ആരോപണങ്ങളുമാണ് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിന് വഴിയൊരുക്കിയിരുന്നത്.
മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ ഹബ്ബാക്കി മാറ്റാൻ സുജിത് ദാസ് ശ്രമിച്ചു എന്നായിരുന്നു പ്രധാന പരാതി. ഇതിന്റെ കണക്കുകളും വസ്തുതകളും പുറത്തുവന്നിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.